Skip to content

യുക്തിവാദമോ യുക്തി’വാത’മോ? സുശീല്‍കുമാറിനു മറുപടി

November 18, 2010
എന്റെ ലേഖനങ്ങളെ വിമര്‍ശിച്ചുകൊണ്ട് സുശീല്‍കുമാര്‍ പി പി എഴുതിയ ‘എന്‍ എം ഹുസൈന്റെ വിഭ്രാന്തികള്‍ ‘(ഭാഗം 1ഭാഗം2) എന്ന പോസ്റ്റ് വന്നിട്ടുള്ള ബ്ലോഗിന്റെ പേര് ‘യുക്തിദര്‍ശനം ‘എന്നാണെങ്കിലും അതില്‍ യുക്തിയോ ദര്‍ശനമോ ഒട്ടുംതന്നെയില്ല എന്ന് ആദ്യമേ പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. എന്നാല്‍ അതാണു സത്യം. ഖണ്ഡിക്കപ്പെടുന്ന വാദം എന്താണെന്നോ എങ്ങനെയാണതു ഖണ്ഡിക്കപ്പെടുന്നതെന്നോ ലേഖകന് ഒരു ഗ്രാഹ്യവുമില്ല. തര്‍ക്കശാസ്ത്രം, തത്ത്വശാസ്ത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പുതുതായി ഇറങ്ങിക്കൊണ്ടിരിക്കുന്ന പഠനങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിച്ചില്ലെങ്കിലും ദാര്‍ശനിക പ്രാധാന്യമുള്ള മലയാള പദങ്ങളുടെ അര്‍ത്ഥമെങ്കിലും മനസ്സിലാക്കിയ ശേഷം വേണ്ടിയിരുന്നു സുശീല്‍കുമാര്‍ ഖണ്ഡനഖണ്ഡനത്തിന് ഇറങ്ങേണ്ടിയിരുന്നത്. അല്ലെങ്കില്‍ യുക്തിബോധമുള്ള നിരീശ്വരവാദികള്‍ക്കിടയില്‍ തന്നെ പരിഹാസ്യനായി മാറും. ആമുഖമായി ഇത്രയും. 

ഇനി സുശീല്‍കുമാറിന്റെ വാദങ്ങളിലേക്കു കടക്കാം.


പി പി സുശീല്‍കുമാര്‍ എഴുതി:
റിച്ചാഡ് ഡാക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന്‌ ‘മൂര്‍ത്തമായ തെളിവ്’നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ എന്നതാണ്‌ പ്രധാനചോദ്യം. സ്നേഹം, കരുണ, വിദ്വേഷം, പക, അസൂയ തുടങ്ങിയ വികാരങ്ങള്‍ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ഒരാള്‍ക്ക് സ്നേഹമുണ്ട്, അല്ലെങ്കില്‍ ഒരാള്‍ക്ക് അസൂയയുണ്ട്, വിശ്വാസമുണ്ട്, അവിശ്വാസമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് നല്‍കാന്‍ കഴിയുമോ? അത് പരീക്ഷണനിരീക്ഷണങ്ങളാല്‍ തെളിയിക്കാനാകുമോ? അവയെ ഒരു നിരീശ്വരവാദി അംഗീകരിക്കുന്നുവെങ്കില്‍ ‘ദൈവത്തിന്‌’ മാത്രം ‘മൂര്‍ത്തമായ തെളിവ്’ ചോദിക്കുന്നതെന്തിന്‌?

ഒറ്റനോട്ടത്തില്‍ വളരെ ന്യായമെന്ന് തോന്നുന്ന ചോദ്യ”മാണിതെന്ന് സുശീല്‍കുമാര്‍ സമ്മതിക്കുന്നു. പിന്നെ എപ്പോഴാണിത് “വളരെ ന്യായ”മല്ലാതായി മാറുന്നത്? എപ്പോഴെങ്കിലും ഇത് “വളരെ ന്യായ”മല്ലാതായി മാറുന്നുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിച്ചിട്ടേയില്ല. (മൂര്‍ത്തമായി സമര്‍ത്ഥിച്ചിട്ടില്ലെന്നത് തല്‍ക്കാലം പ്രശ്നമാക്കേണ്ട!) മറുവാദം പോലും അദ്ദേഹം ഉന്നയിച്ചിട്ടില്ല. പിന്നെയല്ലേ അതു സമര്‍ത്ഥിക്കുന്നത്! മറുവാദം അവതരിപ്പിക്കണമെങ്കില്‍ വാദം എന്താണെന്നെങ്കിലും ആദ്യം മനസ്സിലാകണം. അതും നടന്നിട്ടില്ല.  

അദ്ദേഹം എഴുതിയതിങ്ങനെ:” വിശ്വാസം, അവിശ്വാസം, സ്നേഹം, ദേഷ്യം, അസൂയ, തുടങ്ങിയവ മനുഷ്യന്റെ തലച്ചോറിന്റെ ഉല്പ്പന്നമായ ബോധത്തില്‍ അന്തര്‍ലീനമായ വിവിധ ഭാവങ്ങളാണല്ലോ? ഒരാളുടെ തലച്ചോറ് പരിശോധിച്ച് ഇക്കാര്യങ്ങള്‍ ഒരാള്‍ക്ക് എത്രത്തോളമുണ്ടെന്ന് അറിയാന്‍ കഴിയുമോ എന്ന് പറയാനുള്ള അറിവ് എനിക്കില്ല. പക്ഷേ ഒരാളുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിച്ച് ഇതില്‍ ചില ഭാവങ്ങളെ കൃത്രികമായി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന അറിവ് ഇന്ന് ലഭ്യമാണ്‌. ഇതില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യം ഇവയെല്ലാം തലച്ചോറിനെ ആശ്രയിച്ച് നിലനില്‍ക്കുന്നതും തലച്ചോറിന്റെ അഭാവത്തില്‍ സ്വതന്ത്രമായ അസ്തിത്വമില്ലാത്തതുമായ സ്വഭാവവിശേഷങ്ങളാണെന്നാണ്‌. ഇതുപോലെ ‘ദൈവം’ എന്നതും ഇത്തരത്തില്‍ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ചിന്തയാണ്‌ എന്നാണ്‌ ശ്രീ എന്‍ എം ഹുസ്സൈന്റെ വാദത്തില്‍ നിന്ന് മനസ്സിലാകുന്നത്.


ഇങ്ങനെയാണോ യുക്തിവാദികള്‍ വാദങ്ങള്‍ മനസ്സിലാക്കുന്നത്?കഷ്ടം! ദൈവം സ്നേഹം പോലെ അമൂര്‍ത്തമാണെന്നു പറഞ്ഞാല്‍ ദൈവം തലച്ചോറിനകത്താണെന്നു മനസ്സിലാക്കുന്നവരുടെ ഗ്രഹണശേഷിക്ക് കാര്യമായ തകരാറുണ്ടെന്നാണര്‍ത്ഥം. ദൈവമല്ല, ദൈവത്തെക്കുറിച്ചുള്ള ചിന്തയാണ് തലച്ചോറിനകത്തുള്ളത്. ഒരാള്‍ ഗാന്ധിജിയെപ്പറ്റി ചിന്തിക്കുന്നു എന്നു പറഞ്ഞാല്‍ ഗാന്ധിജി അയാളുടെ തലച്ചോറിനകത്താണെന്നാണോ യുക്തവാദികള്‍ മനസ്സിലാക്കുക?

രൂപകം (metaphor)എന്താണെന്ന് സാമാന്യമായെങ്കിലും സുശീല്‍കുമാര്‍ മനസ്സിലാക്കുന്നതു നന്ന്.(‘രൂപക’ത്തെ ‘കൂപരം’ എന്നു മനസ്സിലാക്കരുതേ) ഉപമാരീതിയാണത്. സങ്കീര്‍ണമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ലളിതമായ ഉദാഹരണങ്ങള്‍ ഉപയോഗിക്കുന്നു. ദൈവം സ്നേഹം പോലെ അമൂര്‍ത്തമാണെന്നു പറഞ്ഞാല്‍ ദൈവം മസ്തിഷ്ക്കത്തിനകത്താണെന്നാണോ ധരിക്കുക? സിംഹം ആനയെപ്പോലെ വന്യമൃഗമാണെന്നു പറഞ്ഞാല്‍ സിംഹത്തിനും ആനയെപ്പോലെ തുമ്പിക്കെ ഉണ്ടാകുമെന്നാണോ  യുക്തിവാദികള്‍ മനസ്സിലാക്കുക?

ദൈവത്തിന്റെ അമൂര്‍ത്തത വ്യക്തമാക്കാനാണ് സ്നേഹത്തോട് ഉപമിച്ചത്. അമൂര്‍ത്തമായ സ്നേഹത്തിന് സമൂര്‍ത്തമായ തെളിവ് ഇല്ലാത്തതുപോലെ അമൂര്‍ത്തമായ ദൈവത്തിനും സമൂര്‍ത്തമായ തെളിവ് ഹാജറാക്കാനാവില്ല എന്നാണ് വാദം. ഈ വാദത്തെ ഖണ്ഡിക്കണമെങ്കില്‍ ദൈവം  സമൂര്‍ത്തമാണെന്നോ സ്നേഹം സമൂര്‍ത്തമാണെന്നോ സമര്‍ത്ഥിക്കണം.  അതുമല്ലെങ്കില്‍ അമൂര്‍ത്തമായതിനും സമൂര്‍ത്തമായ തെളിവുണ്ടാകുമെന്നു സമര്‍ത്ഥിക്കണം. വാദം മനസ്സിലാകാത്തതുകൊണ്ടാകാം, ലേഖകന്‍ അതിനു ശ്രമിച്ചിട്ടില്ല.  ‘നാസ്തികനായ ദൈവം ‘എന്ന കൃതിയെ യുക്തിദര്‍ശനത്തിന്റെ പ്രഭാപൂരമായി കാണുന്ന സുശീല്‍കുമാര്‍ ഒരു കാര്യം മനസ്സിലാക്കുന്നതു നന്ന്. ഗ്രന്ഥകാരനായ സി.രവിചന്ദ്രനും സമൂര്‍ത്തം, അമൂര്‍ത്തം എന്നീ മലയാളവാക്കുകളുടെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഇക്കാര്യം ഞാന്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ, അതെപ്പറ്റി സുശീല്‍കുമാര്‍ വാചാലമായ മൌനം പാലിച്ചത് അര്‍ത്ഥവത്താണ്. ആചാര്യന് അറിയാത്തത് അനുയായിക്കറിയാന്‍ സാധ്യതയില്ലല്ലോ!
സമൂര്‍ത്തമായ തെളിവില്ലാതെ സ്നേഹം പോലെ ഒട്ടേറെ കാര്യങ്ങളില്‍ യുക്തിവാദികള്‍ ‘വിശ്വസിക്കുന്നു’ണ്ടെന്നിരിക്കെ സമൂര്‍ത്തമായ തെളിവില്ല എന്ന കാരണത്താല്‍ മാത്രം ദൈവത്തെ എന്തിന് തിരസ്കരിക്കണം എന്നായിരുന്നു ചോദ്യം. ഇത് മറുപടിയില്ലാതെ ശേഷിക്കുന്നു. ചോദ്യം തന്നെ മനസ്സിലാക്കാതെ അസംബന്ധങ്ങളെഴുതിയാല്‍ മറുപടിയാകുമോ?
ഒരു വിഡ്ഢിത്തത്തെ ആധാരമാക്കി ‘ചിന്തി’ച്ചാല്‍ മറ്റൊരു വിഡ്ഢിത്തത്തിലായിരിക്കുമല്ലോ എത്തുക. സുശീല്‍കുമാര്‍ എഴുതി:” ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കോ നിരീശ്വരവാദികള്‍ക്കൊ വിയോജിപ്പില്ല. ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍ തുടങ്ങിയ സങ്കല്പങ്ങള്‍ മനുഷ്യ മസ്തിഷ്കത്തില്‍ വിരിഞ്ഞവ തന്നെയാണെന്നാണ്‌ ഇവരുടെയും പക്ഷം. ഈ ചിന്തകള്‍/വികാരങ്ങള്‍ എല്ലാം തന്നെ മസ്തിഷ്കം നിശ്ചലമാകുന്നതോടെ അവസാനിക്കുന്നു.
പ്രപഞ്ചത്തെപ്പറ്റിയുള്ള ചിന്തകളും വീക്ഷണങ്ങളുമെല്ലാം മസ്തിഷ്കത്തിനകത്താണെന്നു പറഞ്ഞാല്‍ പ്രപഞ്ചം തന്നെയും മസ്തിഷ്കത്തിനകത്താണെന്നു ധരിക്കുന്ന മൌഢ്യം തന്നെയാണ് മേല്‍ വരികളിലുമുള്ളത്. ദൈവമോ ജിന്നുകളോ മസ്തിഷ്കത്തിനകത്താണെന്ന് യുക്തിവാദികള്‍ക്ക് വിശ്വസിക്കാം. എന്നാല്‍ മതവിശ്വാസികളിലെ മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല.
വിചിത്രമോ?
‘ദൈവമില്ല’ എന്ന പ്രസ്താവന യുക്തിപരമാണെന്നും  ‘ദൈവമുണ്ട്  ‘എന്ന പ്രസ്താവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും .എന്നാല്‍ ആദ്യത്തേത് യുക്തിപരമാണെന്നതിന് ‘മൂര്‍ത്തമായ തെളിവ് ‘ഹാജറാക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കുമോ? ഇന്നേവരെ ഏതെങ്കിലും ഒരു നിരീശ്വരവാദി ‘ദൈവമില്ല’ എന്ന പ്രസ്താവന യുക്തിപരമാണെന്നതിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കിയതായി ചൂണ്ടിക്കാട്ടാനാവുമോ?”എന്നായിരുന്നു എന്റെ ചോദ്യം. ഇതിന് സുശീലിന്റെ മറുപടി ഇങ്ങനെ: ”    വളരെ വിചിത്രമായ ഒരു ചോദ്യമാണിത്. പലവട്ടം വിശദീകരിക്കപ്പെട്ടതും. “

“വളരെ വിചിത്രമായ ഒരു ചോദ്യമാണിതെ”ന്ന് അഭിപ്രായപ്പെടുന്ന ലേഖകന്‍ തന്നെ ഇത്  “പലവട്ടം വിശദീകരിക്കപ്പെട്ട”താണെന്നും വ്യക്തമാക്കുന്നുണ്ട്!
ഈ ചോദ്യം” വളരെ വിചിത്ര”മായി തോന്നിയതിന്റെ കാരണമെന്താണെന്നോ? ചോദ്യം മനസ്സിലായിട്ടില്ല എന്നതുതന്നെ. ലേഖകന്റെ മറുപടിയില്‍ നിന്നും ഇക്കാര്യം വ്യക്തമാവുന്നു. ദൈവം ഇല്ല എന്നതിനല്ല, ഉണ്ട് എന്നതിനാണ് തെളിവ് ഹാജറാക്കേണ്ടത് എന്നാണ് മറുപടി. ദൈവമില്ല എന്ന വാദത്തിന് തെളിവ് ഹാജറാക്കണമെന്ന വാദമേ ഉന്നയിച്ചിട്ടില്ലെന്നിരിക്കെ ഇതിന് എന്തു പ്രസക്തിയാണുള്ളത്?
ആദ്യം വാദം മനസ്സിലാക്കുക
വാദം ആദ്യം മനസ്സിലാക്കുക. ‘ദൈവം ഇല്ല ‘ എന്നത് യുക്തിപരമായ നിഗമനമായി യുക്തിവാദികള്‍ അംഗീകരിക്കുന്നുവെന്നത് അവര്‍ നിഷേധിക്കാറില്ലല്ലോ. എങ്കില്‍ ‘ദൈവം ഇല്ല’ എന്ന നിഗമനം യുക്തിപരമാണെന്നതിന് സമൂര്‍ത്തമായ തെളിവ് ഹാജറാക്കാനാവുമോ എന്നായിരുന്നു ചോദ്യം. ദൈവം ഇല്ലെന്നത് യുക്തിപരമായ നിഗമനമാണെന്നതിന് സമൂര്‍ത്തമായ തെളിവ് ഹാജറാക്കാനാവുമോ എന്നാണ് ചോദ്യം. ഇന്നേവരെ ഒരു യുക്തിവാദിയും ഇതിന് സമൂര്‍ത്തമായ തെളിവ് ഹാജറാക്കിയിട്ടില്ല. എങ്കില്‍ സമൂര്‍ത്തമായ തെളിവില്ലാതെയും പല വീക്ഷണങ്ങളും അവര്‍ അംഗീകരിക്കുന്നുണ്ട് എന്നാണര്‍ത്ഥം.

വാദം ഗ്രഹിക്കാതെ ലേഖകന്‍ നടത്തുന്ന അസംബന്ധാഭ്യാസങ്ങള്‍ക്ക് മറ്റൊരു ഉദാഹരണമിതാ:”ആയതിനാല്‍ ഭൗതികമായ മസ്തിഷ്കത്തിന്റെ ഉല്പന്നമായ ഇത്തരം ആശയങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് അന്വേഷിക്കാതെതന്നെ ‘അവ നിലനില്‍ക്കുന്നുണ്ട്’ എന്ന കാര്യത്തില്‍ തര്‍ക്കത്തിനു കാര്യമില്ല. ഇത്തരമൊരു ‘ദൈവ’ത്തിനല്ല മറിച്ച് മതവിശ്വാസികള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന വ്യക്തിസ്വരൂപനായ ദൈവത്തിനാണ്‌ ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല“.
മസ്തിഷ്കത്തിനകത്ത് ആശയങ്ങളാണുള്ളതെന്നും യാഥാര്‍ത്ഥ്യങ്ങളല്ലെന്നും എല്ലാവര്‍ക്കും അറിയാം .പ്രപഞ്ചമല്ല, പ്രപഞ്ചത്തെക്കുറിച്ചുള്ള ആശയങ്ങളാണ് മസ്തിഷ്കത്തിനകത്തുള്ളത്. ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലാത്ത ഈ കാര്യം സമര്‍ത്ഥിക്കാനാണ് സുശീല്‍കുമാര്‍ ഏറെ അധ്വാനിച്ചിട്ടുള്ളത്.എന്നുമാത്രമല്ല,
ഇത്തരം ആശയങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് അന്വേഷിക്കാതെതന്നെ ‘അവ നിലനില്‍ക്കുന്നുണ്ട്’ എന്ന കാര്യത്തില്‍ തര്‍ക്കത്തിനു കാര്യമില്ല“എന്നെഴുതിയ ലേഖകന്‍ തന്നെയാണ് മസ്തിഷ്കത്തിനകത്ത് ആശയങ്ങളാണുള്ളതെന്ന് ദീര്‍ഘമായി സമര്‍ത്ഥിക്കുന്നത്! എന്താണു ചെയ്യുന്നതെന്ന് അയാള്‍ക്കുതന്നെ നിശ്ചയമില്ലെന്നു വന്നാല്‍ മറ്റുള്ളവര്‍ക്ക് സഹായിക്കാനാവുമോ?

“…..വ്യക്തിസ്വരൂപനായ ദൈവത്തിനാണ്‌ ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല”എന്ന് സുശീല്‍കുമാര്‍ എഴുതിയതില്‍ നിന്നും വാദം മനസ്സിലായില്ലെന്നതിന് മറ്റൊരു തെളിവുകൂടിയായി. ഒരു വാദത്തിലെ ലോജിക് പിടികിട്ടാത്തവനെ സംബന്ധിച്ചിടത്തോളം ആ വാചകം ‘വാചകക്കസര്‍ത്തു’ മാത്രമായാവും അനുഭവപ്പെടുക. ലോജിക് മനസ്സിലാകണമെങ്കില്‍ വാക്കുകളുടെ അര്‍ത്ഥം കൃത്യമായി ഗ്രഹിക്കാനാവണം. വ്യക്തിസ്വരൂപനായ ദൈവത്തിനാണ് ഡോക്കിന്‍സ് തെളിവു ചോദിച്ചതെന്നും വെറും തെളിവല്ല, സമൂര്‍ത്തമായ തെളിവാണു ചോദിച്ചതെന്നും അതുകൊണ്ടാണ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന് സമൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ നിരീശ്വരവാദികളില്‍ ആര്‍ക്കെങ്കിലുമാവുമോ എന്ന് ഞാന്‍ മറുചോദ്യം ഉന്നയിച്ചതെന്നും സുശീല്‍കുമാറിനു പിടികിട്ടിയിട്ടില്ല.

റിച്ചാഡ് ഡാക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന്‌ ‘മൂര്‍ത്തമായ തെളിവ്’നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ എന്നതാണ് പ്രധാനചോദ്യം.”എന്ന് തുടക്കത്തിലേ എഴുതിയ സുശീല്‍കുമാര്‍ ഇത്രയേറെ എഴുതിയിട്ടും ഈ ചോദ്യത്തിന് വിശദീകരണം നല്‍കിയിട്ടില്ലല്ലോ! ഒന്നുകില്‍ ചോദ്യം അബദ്ധമാണെന്ന് സമര്‍ത്ഥിക്കണം. അല്ലെങ്കില്‍ സാധിക്കുമെന്നോ ഇല്ലെന്നോ മറുപടി എഴുതണം. സാധിക്കുമെന്നാണെങ്കില്‍ ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന് മൂര്‍ത്തമായ ഒരു തെളിവെങ്കിലും ഹാജറാക്കണം. ഇതൊന്നും ചെയ്യാതെ പ്രധാന ചോദ്യം ഉദ്ധരിച്ചുകൊണ്ട് മറുപടിയെഴുതാതെ മറ്റസംബന്ധങ്ങള്‍ എഴുതുന്നതില്‍ എന്തു യുക്തിയാണുള്ളത്?

“ശാസ്ത്രീയമായി തെളിയിക്കാത്ത നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നിരീശ്വരവാദികള്‍ അംഗീകരിക്കുകയും വിശ്വാസമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. യാതൊരു ‘മൂര്‍ത്തമായ തെളിവു’മില്ലാതെ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്ന നിരീശ്വരവാദികള്‍ക്ക്, പക്ഷേ ദൈവത്തില്‍ വിശ്വസിക്കാന്‍ മൂര്‍ത്തവും പരീക്ഷണപരവുമായ തെളിവ് വേണം എന്ന ശാഠ്യമുണ്ട്.”എന്റെ ഈ വരികള്‍ക്ക് സുശീല്‍കുമാര്‍ എഴുതിയ മറുപടിയിതാണ്:”ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത എല്ലാ കാര്യവും നിരീശ്വരവാദികള്‍ നിരാകരിക്കണമെന്നില്ല. എന്നാല്‍ അവര്‍ അതില്‍ ‘വിശ്വസിക്കുന്നു’ എന്നു പറയുന്നത് അല്പം കടന്ന കയ്യാണ്‌. അതിന്റെ ശാസ്ത്രീയത ഇപ്പോള്‍ എനിക്കറിയില്ല എന്ന നിലപാടായിരിക്കും അവര്‍ക്കുണ്ടാവുക. ഇതേക്കുരിച്ച്‌ കൂടുതല്‍ വിശദീകരിക്കും മുമ്പ് മറ്റൊരു ചോദ്യത്തിന്‌ ഉത്തരം ലഭിക്കേണ്ട്തുണ്ട്“.
ഇത് ഞങ്ങളുടെ ആഭ്യന്തര പ്രശ്നം

അദ്ദേഹം തുടരുന്നു:” ‘മൂര്‍ത്തമായ’ യാതൊരു തെളിവുമില്ലാതെയാണ്‌ കോടിക്കണക്കിനാളുകള്‍ ശബരിമല അയ്യപ്പന്‍, മാഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ് പറശ്ശിനിക്കടവ് മുത്തപ്പന്‍, സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കുന്നത്. എന്‍ എം ഹുസ്സൈനും കൂട്ടരും എന്തുകൊണ്ടാണ്‌ ഈ വ്യക്തിദൈവങ്ങളെയൊന്നും വിശ്വസിക്കാതെ ഖുര്‍ ആനിലെ വ്യക്തിദൈവമായ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്നത്? അവര്‍ ‘മൂര്‍ത്തമായതെളിവില്ലാത്ത’ കാര്യങ്ങളില്‍ വിശ്വസിക്കുന്നവാരാണെന്നിരിക്കെ?

സുശീല്‍കുമാറിന്റെ ഈ വിശദീകരണങ്ങള്‍ പരിശോധിക്കാം.:”ശാസ്ത്രീയമായി തെളിയിക്കാനാവാത്ത നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നിരീശ്വരവാദികള്‍ അംഗീകരിക്കുകയും സ്വവിശ്വാസമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട് “എന്നാണല്ലോ ഞാനെഴുതിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത എല്ലാ കാര്യവും നിരീശ്വരവാദികള്‍ നിരാകരിക്കണമെന്നില്ല” എന്ന് സുശീല്‍കുമാര്‍ തന്നെ സമ്മതിച്ചത് എന്റെ വാദത്തിന്റെ സ്ഥിരീകരണമല്ലേ? “എന്നാല്‍ അവര്‍ അതില്‍ ‘വിശ്വസിക്കുന്നു’ എന്നു പറയുന്നത് അല്പം കടന്ന കയ്യാണെ “ന്ന ലഘുവായ പരാതിയേ അദ്ദേഹത്തിനുള്ളൂ. “ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത എല്ലാ കാര്യവും നിരീശ്വരവാദികള്‍ നിരാകരിക്കണമെന്നില്ല ” എന്ന അദ്ദേഹത്തിന്റെ തന്നെ സമ്മതപ്രകാരം ഇങ്ങനെയൊരു സംശയത്തിന് പ്രസക്തിയുണ്ട്: “ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത”ത് എന്ന കാരണത്താല്‍ എന്തുകൊണ്ട് അദ്ദേഹം  ദൈവത്തെ നിരാകരിക്കുന്നു? സാമാന്യമായ ഒരു സംശയം ചോദിച്ചെന്നേയുള്ളൂ.

തെളിയിച്ചിട്ടില്ലാത്തതും തെളിയിക്കാനാവാത്തതും

ഇവിടെയും പ്രശ്നം ഗ്രാഹ്യശേഷിയുടേതാണ്. “ശാസ്ത്രീയമായി തെളിയിക്കാനാവാത്തതും” “ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലാത്ത”തും ഒരേ കാര്യങ്ങളല്ല. ഈ വ്യത്യാസം ഗ്രഹിക്കാനാകാത്തതുകൊണ്ടാണ് സുശീല്‍കുമാറിന്റെ വരിയില്‍ “ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത” എന്ന പ്രയോഗം വന്നത്. ‘തെളിയിക്കാനാവാത്തത്’ എന്നാല്‍ ഒരിക്കലും തെളിയിക്കാനാവാത്തത് എന്നാണര്‍ത്ഥം.  തെളിയിക്കപ്പെടാത്തതിന്  ഇതുവരെ തെളിയിക്കപ്പെടാത്തത് എന്ന അര്‍ത്ഥമേയുള്ളൂ. ഭാവിയില്‍ തെളിയിക്കപ്പെട്ടേക്കാം എന്നാണു വിവക്ഷ.

ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും മൂര്‍ത്തമായോ ശാസ്ത്രീയമായോ തെളിയിക്കാനാവില്ല. ഇപ്പോള്‍ മാത്രമല്ല ഒരുകാലത്തും ഈ  യാഥാര്‍ത്ഥ്യം ശാസ്ത്രീയമായോ മൂര്‍ത്തമായോ തെളിയിക്കുക സാധ്യമല്ല. എന്റെ ഈ വാദത്തില്‍ യുക്തിപരമായോ ശാസ്ത്രീയമായോ എന്തെങ്കിലും അപാകതകളുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുമില്ല. ശാസ്ത്രീയമായി തെളിയിക്കാനാവാത്ത ‘ഡോക്കിന്‍സ് നിരീശ്വരവാദിയാണ്’ എന്ന പ്രസ്താവനയെ നൂറ് ശതമാനവും അംഗീകരിച്ച് കൊട്ടിഘോഷിക്കുന്ന നിരീശ്വരവാദികള്‍ മൂര്‍ത്തമായോ ശാസ്ത്രീയമായോ തെളിയിക്കാനാവില്ല എന്ന കാരണം ഉന്നയിച്ച് ദൈവത്തെ തിരസ്കരിക്കുന്നതെന്തുകൊണ്ട് എന്നായിരുന്നു എന്റെ ചോദ്യം. ഇക്കാര്യം ഒന്നിലേറെ ഉദാഹരണങ്ങള്‍ നിരത്തി സമര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത വിശദീകരണങ്ങളാണ് സുശീല്‍കുമാര്‍ എഴുതിയിട്ടുള്ളത്.

ഇനി ‘വിശ്വസിക്കുന്നു’ എന്ന വാക്കിനെപ്പറ്റി. ‘ഡോക്കിന്‍സ് നിരീശ്വരവാദിയാണെ ‘ന്ന് നിരീശ്വരവാദികള്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണു ചെയ്യുന്നതെന്നു വ്യക്തമാക്കാമോ? ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങളെപ്പറ്റി “അതിന്റെ ശാസ്ത്രീയത ഇപ്പോള്‍ എനിക്കറിയില്ല എന്ന നിലപാടായിരിക്കും അവര്‍ക്കുണ്ടാവുക“എന്നാണല്ലോ അദ്ദേഹം എഴുതിയത്. ഇതനുസരിച്ച് ശാസ്ത്രീയമായി ദൈവാസ്തിത്വം തെളിയിക്കപ്പെടാത്തതിനാല്‍ “അതിന്റെ ശാസ്ത്രീയത ..എനിക്കറിയില്ല എന്ന നിലപാടായിരി”ക്കണമല്ലോ നിരീശ്വരവാദികള്‍ക്കുണ്ടാവേണ്ടത്? എന്നാല്‍ ഏതു സമയവും പുരപ്പുറത്തു കയറി ദൈവമില്ലെന്ന് വിളിച്ചുകൂവി നടക്കുന്നവരല്ലേ നിരീശ്വരവാദികള്‍? അവര്‍ സ്വയം വിശേഷിപ്പിക്കുന്നതു തന്നെ ‘നിരീശ്വരവാദി’ എന്നല്ലേ?ദൈവം ഉണ്ടെന്ന് വിശ്വാസികള്‍ വിശ്വസിക്കുമ്പോള്‍ ദൈവം ഇല്ലെന്ന് നിരീശ്വരവാദികള്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ?
ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങളില്‍ നിരീശ്വരവാദികള്‍ വിശ്വസിക്കുന്നുവെന്നു സമ്മതിക്കാന്‍ മടിയുള്ളതു നില്‍ക്കട്ടെ. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങളില്‍ നിരീശ്വരവാദികള്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണു ചെയ്യുന്നതെന്നു വ്യക്തമാക്കാമോ? ഉദാഹരണമായി രണ്ട് ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്സിജന്‍ ആറ്റവും ചേര്‍ന്നാണ് വെള്ളത്തിന്റെ ഒരു തന്മാത്ര (molecule) ഉണ്ടാകുന്നതെന്ന് ഏവരും സമ്മതിക്കുന്നു. ഇതില്‍ നിരീശ്വരവാദി വിശ്വസിക്കുകയല്ലാതെ മറ്റെന്താണു ചെയ്യുന്നത്? ഇത് പരീക്ഷണത്തിലൂടെ തെളിയിച്ച ശാസ്ത്രജ്ഞന്റെ പേരെങ്കിലും അറിയാവുന്ന എത്രയുണ്ടാവും? ശാസ്ത്രജ്ഞര്‍ പറഞ്ഞു എന്ന ഒറ്റക്കാരണത്താല്‍ സ്വന്തം ബുദ്ധിയുപയോഗിച്ച് അല്പം പോലും ചിന്തിക്കാതെ ആപേക്ഷികസിദ്ധാന്തമായാലും  അനിശ്ചിതത്വ സിദ്ധാന്തമായാലും അണ്ണാക്കുതൊടാതെ വിഴുങ്ങുന്ന നിരീശ്വരവാദികള്‍ ശാസ്ത്രത്തില്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണു ചെയ്യുന്നതെന്നു വ്യക്തമാക്കാമോ? ആപേക്ഷിക സിദ്ധാന്തവും അനിശ്ചിതത്വ സിദ്ധാന്തവും മഹത്തായ ശാസ്ത്രസംഭാവനകളാണെന്നു വീമ്പടിക്കുന്ന കേരളത്തിലെ നിരീശ്വരവാദികളില്‍ എത്രപേര്‍ക്ക് ഈ സിദ്ധാന്തങ്ങള്‍ മനസ്സിലായിട്ടുണ്ടാകും? 

ഇത്തരം അന്വേഷണങ്ങള്‍ തല്ക്കാലം മതിയാക്കാം.

“മറ്റൊരു ചോദ്യ”ത്തിലേക്കു കടക്കാം. ‘എന്‍ എം ഹുസൈനും കൂട്ടരും ശബരിമല അയ്യപ്പന്‍, മഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ്, പറശ്ശിനിക്കടവ് മുത്തപ്പന്‍,സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കാതെ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നതെന്തുകൊണ്ടെ’ന്ന് നിരീശ്വരവാദിയായ സുശീല്‍കുമാര്‍ ചോദിക്കുന്നു. എന്റെ വിശദീകരണമിതാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ നിരീശ്വരവാദികള്‍ക്കെന്താണു കാര്യം? (പൊന്നുരുക്കുന്നിടത്തു പുച്ചയ്ക്കെന്തു കാര്യം എന്ന ചൊല്ല് പ്രസക്തമാണിവിടെ).ഈ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ എന്തിന് ആവേശഭരിതരാവണം?

ദൈവം തന്നെയില്ലെന്നു കരുതുന്നവര്‍ അതിന്റെ എണ്ണത്തെയും വണ്ണത്തെയും കുറിച്ച് അന്വേഷിക്കുന്നത് കാപട്യമല്ലേ? ദൈവം തന്നെ മിഥ്യയാണെന്നു കരുതുന്ന നിരീശ്വരവാദികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു മധ്യസ്ഥന്റെ റോളുപോലും അധികപ്പറ്റാണെന്ന് ആര്‍ക്കാണറിയാത്തത്?
പ്രപഞ്ചത്തിനു നല്‍കാവുന്ന വ്യാഖ്യാനങ്ങളില്‍ ഈശ്വരവാദമാണോ നിരീശ്വരവാദമാണോ കൂടുതല്‍ യുക്തിപരവും ശാസ്ത്രീയവുമായത് എന്ന അന്വേഷണമാണ് ഈ ബ്ലോഗിലെ/എന്റെ ലേഖനത്തിലെ മുഖ്യവിഷയം. ദൈവത്തിന് കണ്ണുകളുണ്ടോ കാലുകളുണ്ടോ എന്നതല്ല. ദൈവം തന്നെയുണ്ടോ എന്നതാണ് ചര്‍ച്ചാവിഷയം. മതഗ്രന്ഥങ്ങളിലെ ആലങ്കാരികമായ പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തിലെടുത്ത് ദൈവത്തിന് കണ്ണുകളും കാതുകളും കൈകാലുകളുമുണ്ടെന്ന് ആരു സങ്കല്‍പ്പിച്ചാലും അബദ്ധമാണെന്ന് സാമാന്യബോധമെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാകും.


വിശ്വാസത്തിലെ യുക്തി

“ദൈവം ഇന്ദ്രിയാതീത യഥാര്‍ത്ഥ്യമാണ്‌. അതുകൊണ്ടാണ്‌ ഭൗതിക ശാസ്ത്രത്തിന്റെ പരീക്ഷണങ്ങളിലൂടെ ദൈവാസ്തിക്യം തെളിയിക്കാനാകില്ല എന്ന് വിശ്വാസികള്‍ പറയുന്നത്.”
എന്ന എന്റെ വാദത്തിനുള്ള  സുശീലിന്റെ മറുപടി ഇതാണ്:

മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത പലതും പ്രപഞ്ചത്തിലുണ്ടാകാമെന്നത് യാഥാര്‍ത്ഥ്യമാകാം. എല്ലാ കാര്യങ്ങളും ഇപ്പോള്‍ തന്നെ അറിയണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. ഇപ്പോള്‍ അറിഞ്ഞതുതന്നെ എത്രയോ കാലത്തെ പരിശ്രമഫലം. അതിന്‌ സ്വീകരിച്ച ഏക മാര്‍ഗം പഞ്ചേന്ദ്രിയജ്ഞാനവും. ഇന്ദ്രിയാതീതമായത് ഉണ്ടാകാമെന്നും അത് എന്താണെന്ന് ഇപ്പോള്‍ അറിയില്ലെന്നും പറയാമെന്നല്ലാതെ അത് ഇന്നതുതന്നെയാണെന്ന് ഉറപ്പിച്ചുപറയാന്‍ എങ്ങനെയാണ്‌ മനുഷ്യന്‌ കഴിയുക? ‘ദൈവം’ ‘ഇന്ദ്രിയാതീതയാഥാര്‍ത്ഥ്യ’മാണെന്ന അറിവ് എവിടെനിന്നാണ്‌ ലഭിച്ചത്? ആ അറിവ് ലഭിക്കാന്‍ ഉപയോഗിച്ച ഉപകരണം ഇന്ദ്രിയങ്ങള്‍ തന്നെയാണോ? അതല്ല, പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം മറ്റാര്‍ക്കുമില്ലാത്ത എന്ത് ഉപകരണമാണ് ലേഖകന്‌ സിദ്ധിച്ചിരിക്കുന്നത്? ‘ഇന്ദ്രിയാതീത’മായത് ദൈവമാണെന്നും, ആ ദൈവം തന്റെ മതഗ്രന്ഥത്തിലെ ദൈവമായ അല്ലാഹു എന്ന അറേബ്യന്‍ ഗോത്രദൈവം തന്നെയാണെന്നും തീരുമാനിക്കുന്നതെങ്ങനെ? അത് ‘നിര്‍ഗുണപരബ്രഹ്മ’മല്ലെന്നുള്ള അറിവ് ലേഖകനുണ്ടോ? എങ്കില്‍ ആ അറിവിന്റെ ഉറവിടമെന്ത്? അത് ലഭിച്ച മാര്‍ഗമേത്?


ഇത്തരം നഴ്സറി നിലവാരത്തിലുള്ള സംശയങ്ങള്‍ പ്രസക്തമാണ്. പക്ഷേ, ദൈവത്തെ വിശകലനം ചെയ്യാനിറങ്ങുന്നയാള്‍ ഇതൊക്കെ നിരത്തുന്നത് കൌതുകം തന്നെ. പ്രപഞ്ചത്തെക്കുറിച്ച് പഠിച്ചാല്‍ പ്രപഞ്ചം അനാദിയാണെന്നോ സ്വയംഭൂവാണെന്നോ സിദ്ധാന്തിക്കുന്ന നിരീശ്വരവാദം യുക്തിരഹിതവും അശാസ്ത്രീയവുമാണെന്ന് ഗ്രഹിക്കാനാവും. പ്രപഞ്ചത്തിന്റെ സൃഷ്ടി-സംവിധാനങ്ങള്‍ക്കു പിന്നില്‍ ദൈവമാണെന്നും മനസ്സിലാവും. ഇക്കാര്യം ഒരു പരിധിവരെ സമ്മതിക്കാന്‍ ഡോക്കിന്‍സും നിര്‍ബന്ധിതനായിട്ടുണ്ട്. ‘ നാസ്തികനായ ദൈവം’ എന്ന കൃതിയിലെ ഈ വരി നോക്കൂ : “ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം ” (പേജ് 180). ഒരു നിരീശ്വരവാദിക്കുപോലും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നുവെങ്കില്‍ വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ? അങ്ങനെ തോന്നുന്നതുകൊണ്ടാണ് അതിനുപിന്നില്‍ ആസൂത്രകന്‍ ഉണ്ടായിരിക്കണം എന്ന യുക്തിപരമായ നിഗമനത്തില്‍ അവരെത്തുന്നത്(Every design wants a designer).
“ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം ”  എന്ന അറിവ് നിരീശ്വരവാദികള്‍ക്കും ലഭിച്ചിട്ടുണ്ടല്ലോ! “പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം മറ്റാര്‍ക്കുമില്ലാത്ത” ഉപകരണത്തിലൂടെയല്ലല്ലോ ഇതു ലഭിച്ചത് ? പ്രപഞ്ചത്തെപ്പറ്റി സാമാന്യമായി പഠിച്ചാല്‍ ഗ്രഹിക്കാവുന്ന കാര്യമാണിത്. ഒരാസൂത്രണവും യാദൃഛികമായുണ്ടാകില്ലെന്ന് സാമാന്യബുദ്ധി മാത്രമല്ല, അതിബുദ്ധിയും പറയുന്നു( ഇത്തരം തെളിവുകളെപ്പറ്റി എന്റെ രണ്ടു പോസ്റ്റുകളിലും വിശദമാക്കിയിട്ടുണ്ടെങ്കിലും ലേഖകന്‍ മിണ്ടിയിട്ടില്ല)
ഗോത്രദൈവമോ?
‘അല്ലാഹു’ എന്നത് അറേബ്യന്‍ ഗോത്ര ദൈവമാണെന്ന ധാരണ ശുദ്ധ വിവരക്കേടാണ്. ദൈവം, ഈശ്വരന്‍ എന്നിത്യാദി മലയാള പദങ്ങളുടെയും God എന്ന ഇംഗ്ലീഷ് പദത്തിന്റെയും അറബി പദമാണ് അല്ലാഹു. മുപ്പത്തിമുക്കോടി ദൈവങ്ങളുടെയിടയില്‍ കഴിയുന്ന സുശീല്‍കുമാര്‍ അതിലൊരു ദൈവം മാത്രമായി അല്ലാഹുവിനെ പരിഗണിക്കുന്നതില്‍ അദ്ഭുതമില്ല. പ്രപഞ്ചസ്രഷ്ടാവാണ് അല്ലാഹു. അല്ലാതെ ലേഖകന്‍ കരുതും പോലെ പ്രപഞ്ചസ്രഷ്ടാക്കളില്‍ ഒരാളുടെ പേരല്ല ദൈവം അഥവാ അല്ലാഹു. ഏറ്റവും പ്രാകൃതരായ ജനവിഭാഗങ്ങള്‍ പോലും പ്രപഞ്ചസ്രഷ്ടാവായ ദൈവം എന്ന വിവക്ഷയിലാണ് ഈശ്വരന് ഓരോ പേരുകള്‍ നല്‍കിയിട്ടുള്ളത്. ഇവയോരോന്നും ഓരോ ദൈവങ്ങളാണെന്ന് ധരിക്കുന്ന ‘നിരീശ്വബുദ്ധി’യെപ്പറ്റി എന്തു പറയാന്‍?
അക്വിനാസിന്റെ തെളിവുകളെ ഖണ്ഡിക്കുന്നതില്‍ ഡോക്കിന്‍സ് ദയനീയമായി പരാജയപ്പെട്ടതായി രണ്ടു പോസ്റ്റുകളിലും സമര്‍ത്ഥിച്ചിരുന്നു. ഇന്നത്തെ ശാസ്ത്രീയ വിവരങ്ങളെ ആസ്പദമാക്കി അക്വിനാസിന്റെ തെളിവുകള്‍ സമര്‍ത്ഥിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതേപ്പറ്റി യാതൊന്നും എഴുതാതെ രക്ഷപ്പെടാന്‍ സുശീല്‍കുമാര്‍ കണ്ടെത്തിയ വിദ്യയെന്താണെന്നോ?നോക്കൂ:  ”  ആടുത്തഭാഗം ‘അക്വിനാസിന്റെ’ തെളിവുകള്‍ സംബന്ധിച്ചാണ്‌. ഈ വിഷയത്തില്‍ വിശദമായ പോസ്റ്റ് സി കെ ബാബുവിന്റെ ബ്ലോഗില്‍ ലഭ്യമാണ്‌.

ആ പോസ്റ്റില്‍ എന്തുണ്ടെന്നാണു പറയുന്നത്?  അക്വിനാസിനെപ്പറ്റി സി കെ ബാബു ‘അതുമിതും’ എഴുതിയിട്ടുണ്ടെന്നല്ലാതെ തെളിവുകളെ ഖണ്ഡിക്കുകയോ ഡോക്കിന്‍സ് അതു കൈകാര്യം ചെയ്തതിനെ ന്യായീകരിക്കുകയോ എന്റെ വാദങ്ങളെ വിശകലനം ചെയ്യുകയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു ലേഖകനു ചൂണ്ടിക്കാണിക്കാമോ?

ശാസ്ത്രവും ശാസ്ത്രീയതയും

ഇന്ദ്രിയാതീത യാഥാര്‍ത്ഥ്യമായ’ ദൈവത്തിന്‌ ശാസ്ത്രീയമായ തെളിവുനല്‍കാന്‍ കഴിയില്ലെന്ന് ലേഖനത്തിലുടനീളം സ്ഥാപിക്കാന്‍ ശ്രമിച്ച ശേഷം പറയുന്നു ദൈവസാന്നിധ്യത്തിന്‌ ശാസ്ത്രീയമായ തെളിവുണ്ടെന്ന്. ഇതിനെയാണ് ‘ആധുനിക അന്ധവിശ്വാസം’ എന്ന് വിളിക്കാന്‍ ഏറ്റവും യോഗ്യം. “എന്ന് സുശീല്‍കുമാര്‍.
ഒന്നുകില്‍ ലേഖനങ്ങള്‍ മുഴുവന്‍ വായിക്കാതെയാകാം ഇങ്ങനെയൊരു വിമര്‍ശനം ഉന്നയിച്ചത്.അല്ലെങ്കില്‍ പതിവു തട്ടിപ്പ്. എന്റെ ലേഖനത്തില്‍ത്തന്നെ ഇതിന് വിശദീകരണം നല്‍കിയത് പകര്‍ത്താം.  :”മേല്‍ വിവരണത്തില്‍ ‘ശാസ്ത്രീയം’ എന്നതുകൊണ്ട് ആ വാക്കിന്റെ സാങ്കേതികാര്‍ഥമാണ് പരിഗണിച്ചിട്ടുള്ളത്. ഒരു പ്രതിഭാസത്തെ നിരീക്ഷിക്കുക, വിവരം ശേഖരിക്കുക, നിഗമനത്തിലെത്തുക, അത് പരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുക എന്നിവയാണ് ശാസ്ത്രീയരീതി. എന്നാല്‍ ‘ശാസ്ത്രീയം’ എന്നതുകൊണ്ട് സാമാന്യമായി ഉദ്ദേശിക്കാറുള്ളത് ഈ അര്‍ഥമല്ല. യുക്തിപരമായതും ഏതെങ്കിലും തരത്തിലുള്ള തെളിവുകളുടെ പിന്‍ബലമുള്ളതുമായ വീക്ഷണങ്ങളെ ‘ശാസ്ത്രീയം’ എന്ന് വിശേഷിപ്പിക്കാറുണ്ട്. യുക്തിസഹമായത് എന്ന വിവക്ഷയിലാണത്. ഈയര്‍ഥത്തില്‍ ദൈവവിശ്വാസവും മതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും ശാസ്ത്രീയമാണെന്ന് പറയാവുന്നതാണ്. “
സുശീല്‍കുമാറിന് ഇനിയും സംശയങ്ങളുണ്ടെങ്കില്‍ എഴുതിക്കോളൂ. പക്ഷേ വിമര്‍ശനങ്ങള്‍ അടിച്ചുവിടുന്നതിനു മുന്‍പ് ഞാനെഴുതിയത് വായിച്ചിരിക്കണമെന്ന് അപേക്ഷിക്കുന്നു.
പ്രപഞ്ചോല്‍പ്പത്തി
“മൂര്‍ത്തമായ തെളിവില്ലാതെ’ പ്രപഞ്ചം അനാദിയാണെന്ന് നിരീശ്വരവാദികള്‍ക്ക് വിശ്വസിക്കാമെങ്കില്‍ ‘മൂര്‍ത്തമായ തെളിവില്ലാതെ’ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്തിന്‌ പരിഭവിക്കണം?” ഈ ചോദ്യത്തിന് സുശീല്‍ നല്‍കിയ മറുപടി ഇതാണ്:

പ്രപഞ്ചം എങ്ങനെ ഉല്‍ഭവിച്ചു എന്ന കാര്യത്തില്‍ നിരീശ്വരവാദികള്‍ക്ക് ഒരു പ്രത്യേക ‘വിശ്വാസ’മൊന്നുമില്ല. ഇക്കാര്യത്തില്‍ പഞ്ചേന്ദ്രിയജന്യമായ അറിവുകള്‍ വെച്ച് ഉരുത്തിരിയുന്ന ചില സദ്ധാന്തങ്ങള്‍ മാത്രമാണുള്ളത്. ആ സിദ്ധാന്തങ്ങള്‍ ആത്യന്തകമായ ശരികള്‍ ആണെന്ന് നിരീശ്വരവാദികള്‍ എന്നല്ല ശാസ്ത്രമറിയുന്ന ആരും പറയുമെന്ന് തോന്നുന്നില്ല.

സുശീല്‍കുമാര്‍ ആദ്യം നിരീശ്വരവാദം എന്താണെന്ന് പഠിക്കുക. ആദ്യത്തെ നിരീശ്വരവാദിയായി തത്വചിന്താ ചരിത്രകാരന്മാര്‍ കണക്കാക്കുന്നത് ഗ്രീക്ക് ചിന്തകനായ അനക്സഗോറസി( Anaxagoras-500BC-428BC)നെയാണ്. പ്രപഞ്ചം എന്നെന്നും ഉണ്ടായിരുന്നുവെന്നും അതിന് ആരംഭമില്ലെന്നുമാണ് ഇദ്ദേഹം സിദ്ധാന്തിച്ചത്. എക്കാലത്തെയും പ്രമുഖരായ നിരീശ്വര ചിന്താഗതിക്കാരുടെ വീക്ഷണം ഇതായിരുന്നു.
പ്രപഞ്ചം എങ്ങനെ ഉല്‍ഭവിച്ചു എന്ന കാര്യത്തില്‍ നിരീശ്വരവാദികള്‍ക്ക് ഒരു പ്രത്യേക ‘വിശ്വാസ’മൊന്നുമില്ല“എന്നെഴുതിയതില്‍ നിന്നുതന്നെ ഇത്തരം കാര്യങ്ങളെപ്പറ്റി സുശീല്‍കുമാറിനു കാര്യമായ ധാരണയൊന്നുമില്ലെന്നു വ്യക്തമാണ്.  ” പ്രപഞ്ചം എങ്ങനെ ഉല്‍ഭവിച്ചു എന്ന കാര്യത്തില്‍ “നിരീശ്വരവാദികള്‍ക്ക് പ്രത്യേക വിശ്വാസങ്ങള്‍ എങ്ങനെ ഉണ്ടാകാനാണ്? പ്രപഞ്ചം ഉണ്ടായിട്ടേയില്ലെന്ന വിശ്വാസക്കാര്‍ക്ക് ‘ഉദ്ഭവ സിദ്ധാന്തങ്ങള്‍ ‘ ഉണ്ടാകുമോ? “ഉദ്ഭവിച്ചതാണ് “എന്ന  വീക്ഷണമുണ്ടെങ്കിലല്ലേ ‘എങ്ങനെ ഉദ്ഭവിച്ചു ‘എന്ന അന്വേഷണം ഉണ്ടാകുന്നത്?(യഥാര്‍ത്ഥത്തില്‍, പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള എല്ലാ ശാസ്ത്രീയ പഠനങ്ങള്‍ക്കും തടസ്സം നില്‍ക്കുന്ന അബദ്ധവിശ്വാസമാണ് നിരീശ്വരവാദം.)
“ഇക്കാര്യത്തില്‍ പഞ്ചേന്ദ്രിയജന്യമായ അറിവുകള്‍ വെച്ച് ഉരുത്തിരിയുന്ന ചില സദ്ധാന്തങ്ങള്‍ മാത്രമാണുള്ളത്”എന്ന രണ്ടാമത്തെ വരിക്ക് നിരീശ്വരവാദവുമായി യാതൊരു സൈദ്ധാന്തിക ബന്ധവുമില്ല. അത് ശാസ്ത്രമാണ്. ആധുനിക പ്രപഞ്ച വിജ്ഞാനീയമനുസരിച്ച് പ്രപഞ്ചത്തിന് ഉദ്ഭവമുണ്ട്.പ്രപഞ്ചത്തിന് ഉദ്ഭവമില്ലെന്ന നിരീശ്വരവാദത്തെ ആധുനിക പ്രപഞ്ച പഠനങ്ങള്‍ ശക്തിയായി ഖണ്ഡിക്കുന്നു. ഇക്കാര്യത്തെക്കുറിച്ചും എന്റെ പോസ്റ്റുകളില്‍ വിവരണങ്ങളുണ്ടെങ്കിലും ലേഖകന്‍ മൌനിയാണ്. ഏതായാലും വിവരക്കേടുകള്‍ എഴുതിവിടുന്നതിനേക്കാള്‍ ഭേദം മൌനം തന്നെയാണെന്ന് സമ്മതിക്കുന്നു!
പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള ലേഖകന്‍ പരാമര്‍ശിക്കുന്ന “ചില സിദ്ധാന്തങ്ങള്‍ ” ശാസ്ത്രീയാന്വേഷണത്തില്‍ നിന്നും ഉരുത്തിരിഞ്ഞവയാണ്. ഇവയ്ക്ക് നിരീശ്വരവാദവുമായി ഒരു ബന്ധവുമില്ല. ശാസ്ത്രസിദ്ധാന്തങ്ങള്‍ ആത്യന്തികമായ ശരികളല്ലെന്ന് ആര്‍ക്കാണറിയാത്തത്? ശാസ്ത്ര സിദ്ധാന്തങ്ങള്‍ ആത്യന്തികമായ ശരികളാണെന്ന് വിശ്വാസികളാരും വാദിച്ചിട്ടില്ലെന്നിരിക്കെ നിരീശ്വരവാദികള്‍ അതു സമര്‍ത്ഥിക്കേണ്ട കാര്യമെന്തിരിക്കുന്നു?
ശാസ്ത്രവും നിരീശ്വരവാദവും
നിരീശ്വരവാദം യുക്തിവിരുദ്ധവും അശാസ്ത്രീയവുമാണെങ്കിലും ശാസ്ത്രത്തിന്റെ മറ പിടിച്ചാണ് അവരുടെ നിലനില്‍പ്പ്. സുശീല്‍കുമാര്‍ എഴുതി : ” പുതിയ അറിവുകള്‍ ലഭ്യമാകുമ്പോള്‍ ആ സിദ്ധാന്തങ്ങള്‍ പരിഷ്കരിക്കപ്പെടാം. അപ്പോള്‍ നിരീശ്വരവാദി’ തന്റെ പഴയ അറിവുതന്നെയാണ്‌ ‘മൂര്‍ത്തമായ ശരി’ എന്ന് വാശി പിടിച്ച്‌ അതിന്‌ ശാസ്ത്രീയമായ തെളിവ് ഹാജരാക്കാന്‍ ‘ഗവേഷണം നടത്തി നാണം കെടുകയില്ല.”
പുതിയ അറിവുകള്‍ ലഭ്യമാകുമ്പോള്‍ പരിഷ്കരിക്കപ്പെടുന്നത് ശാസ്ത്രമാണ്,നിരീശ്വരവാദമല്ല. 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെയും പ്രപഞ്ചത്തിന് ഉല്‍ഭവമില്ലെന്ന വാദക്കാരായിരുന്നു നിരീശ്വരചിന്തകന്മാര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍  പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തി. പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് സമ്മതിക്കാന്‍ സുശീല്‍കുമാര്‍ തയ്യാറാണോ?
നിരീശ്വരവാദവും മനോരോഗവും
“സൃഷ്ടിവാദം ‘പലര്‍ക്കു’മല്ല മിക്കവര്‍ക്കും സ്വീകാര്യമാണ്‌, നിരീശ്വരവാദമാണ്‌ ‘ചിലര്‍ക്ക്’ മാത്രം സ്വീകാര്യമാകുന്നത്” എന്ന എന്റെ വാദത്തിനുള്ള മറുപടി ഇങ്ങനെ :”സൃഷ്ടിവാദം സെമിറ്റിക് മതങ്ങളുടെ സംഭാവനയാണ്‌. ഭാരതീയ ദര്‍ശങ്ങള്‍ ഭൂരിപക്ഷവും ‘ഒരു വ്യക്തിദൈവത്തിന്റെ സൃഷ്ടിവാദത്തെ’ അംഗീരിക്കുന്നില്ല.
സുശീല്‍കുമാറിന്റെ ഈ വരികള്‍ അബദ്ധമാണെന്നതിരിക്കട്ടെ. എക്കാലവും മനുഷ്യര്‍ ഭൂരിപക്ഷവും സൃഷ്ടിവിശ്വാസികളായിരുന്നുവെന്നും നിരീശ്വരവാദികള്‍ ന്യൂനപക്ഷമായിരുന്നുവെന്നുമുള്ള ചരിത്രപരവും സമകാലികവുമായ വസ്തുതയാണ് എന്റെ വരികളിലുള്ളത്. ഇത് തെറ്റാണെങ്കില്‍ ഭൂരിപക്ഷവും എക്കാലവും നിരീശ്വരവാദികളായിരുന്നുവെന്നു സമര്‍ഥിക്കണം. പ്രമുഖ നിരീശ്വരവാദി ചിന്തകന്മാര്‍ക്കൊന്നും അങ്ങനെ അഭിപ്രായമില്ലെന്നു മാത്രമല്ല, നിരീശ്വരവാദികള്‍ എക്കാലത്തും ന്യൂനപക്ഷമായിരുന്നു എന്ന് അവരും അംഗീകരിക്കുന്നു.
സൃഷ്ടിവാദം സെമിറ്റിക് മതങ്ങളുടെ സംഭാവനയാണെന്നത് മറ്റൊരു ശുദ്ധ വിവരക്കേടാണ്. മനുഷ്യരുടെ പൊതുവായ ജന്മവാസനയാണ് സൃഷ്ടിവാദങ്ങളെന്നു കരുതാനാണ് ആധുനിക മസ്തിഷ്കപഠനങ്ങള്‍ പ്രേരിപ്പിക്കുന്നത്. എന്റെ ലേഖനങ്ങള്‍ മാത്രമല്ല, തന്റെ തന്നെ വീക്ഷണക്കാരനായ രവിചന്ദ്രന്റെ ‘നാസ്തികനായ ദൈവ’വും സുശീല്‍ കുമാര്‍ തീര്‍ത്തു വായിച്ചിട്ടില്ലെന്നാണു തോന്നുന്നത് . എന്നിട്ടാണ് എന്റെ പഠനത്തെ ഖണ്ഡിക്കാനും ‘നാസ്തികനായ ദൈവ’ത്തെ സമര്‍ത്ഥിക്കാനും ഇറങ്ങിയിട്ടുള്ളത്.
സി രവിചന്ദ്രന്‍ ‘നാസ്തികനായ ദൈവ’ത്തില്‍ എഴുതുന്നു:” സൃഷ്ടിവാദത്തോട് സഹജമായ ആഭിമുഖ്യം തോന്നുന്ന രീതിയിലാണ് (Innately predisposed to creationism)മനുഷ്യരുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബ്ലുമിന്റെ അഭിപ്രായം. അതായത് എല്ലാം ആരോ ഉണ്ടാക്കിവച്ചു എന്നു സങ്കല്‍പ്പിക്കാനുള്ള ദ്വൈതബോധമാണ് മിക്ക മനുഷ്യര്‍ക്കുമുള്ളത്. അദ്വൈതവാദികളില്‍പ്പോലും ഈ ഭാവന ശക്തമാണ്.”(പേജ് 202)
മനുഷ്യരുടെ പൊതുസ്വഭാവം ഇതായിരിക്കെ നിരീശ്വരവാദികള്‍ക്ക് അങ്ങനെ തോന്നുന്നില്ലെങ്കില്‍ അവരുടെ തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നല്ലേ അര്‍ത്ഥം? അദ്വൈതവാദികളില്‍ പോലും ഈ ദ്വൈതബോധം ശക്തമാണെങ്കില്‍  മനുഷ്യപ്രകൃതിക്കും മസ്തിഷ്കഘടനയ്ക്കും അനുയോജ്യമായ സൃഷ്ടിവാദം സ്വീകരിക്കുകയല്ലേ നിരീശ്വരവാദികള്‍ ചെയ്യേണ്ടത്? മനുഷ്യപ്രകൃതിയിലെ സഹജമായ ഈ സൃഷ്ടിവാദവാസനയെ തിരസ്കരിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്തുകൊണ്ട് നിരീശ്വരവാദവും അദ്വൈതവാദവും സ്വീകരിച്ചാല്‍ നിരീശ്വരവാദികളുടെ ആചാര്യന്മാരിലൊരാളായ ഫ്രോയ്ഡിന്റെ സിദ്ധാന്തപ്രകാരം തന്നെ മനോരോഗികളാകാനുള്ള സാധ്യത കൂടുകയില്ലേ?
മനുഷ്യരില്‍ ബഹുഭൂരിപക്ഷവും സൃഷ്ടിവാദികളായിരുന്നുവെന്നും ഇന്നും അങ്ങനെയാണെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും പ്രമുഖ മനശ്ശാസ്ത്ര ഗവേഷകനായ വില്യം ബ്ലുമിന്റെ പഠനങ്ങള്‍ തെളിയിക്കുന്നു(യേല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ബ്ലും)
ഭാരതീയരില്‍ ഭൂരിപക്ഷവും എക്കാലവും സൃഷ്ടിവാദികളായിരുന്നു. ഋഗ്വേദം അടക്കമുള്ള ഭാരതീയ മതമീമാംസാ സാഹിത്യങ്ങളില്‍ ഏറെയും സൃഷ്ടിസങ്കല്‍പ്പമാണ് അംഗീകരിക്കുന്നത്. ഭാരതീയ ചിന്തകരില്‍ അധികപക്ഷവും സൃഷ്ടിവാദികളായിരുന്നു. അല്ലെന്ന ധാരണ, ദേബീ പ്രസാദ് ചതോപാധ്യായ കെട്ടിച്ചമച്ച മിത്ത് മാത്രമാണ്. അദ്വൈതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ബാദരായണന്റെ ‘ബ്രഹ്മസൂത്ര’ത്തില്‍ പോലും സൃഷ്ടിവാദമാണുള്ളത്( വിശദാംശങ്ങള്‍ക്ക് ഞാനെഴുതിയ ‘ബ്രഹ്മസൂത്രം: ദ്വൈതമോ അദ്വൈതമോ’ എന്ന കൃതി കാണുക)

പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ ഒരു ദൈവം അനിവാര്യമായി വരുന്നുവെങ്കില്‍ ആ ദൈവത്തിനെ സൃഷ്ടിക്കാന്‍ മറ്റൊരു സൂപ്പര്‍ ദൈവം ആവശ്യമാകില്ലേ എന്ന് നിരീശ്വരവാദികള്‍ ചോദിക്കുന്നതിലാണ്‌ ലേഖകന്റെ കുണ്ഠിതം മുഴുവനും“എന്ന് സുശീല്‍കുമാര്‍ എഴുതുന്നു.
എനിക്കിതില്‍ കുണ്ഠിതമോ അല്‍ഭുതമോ ഒട്ടുംതന്നെയില്ല. നിരീശ്വരവാദികളുടെ ഇന്നത്തെ ആചാര്യനായ റിച്ചാഡ് ഡോക്കിന്‍സിന്റെ ദാര്‍ശനികമായ വിവരക്കേടിന്റെ ആഴം മനസ്സിലാക്കിയതിനാല്‍ ഇത് തികച്ചും സ്വാഭാവികമായി തന്നെയാണു തോന്നുന്നത്. ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല. (ഈ വിഷയത്തെപ്പറ്റി വിശദമായ പഠനം പിന്നീട് പോസ്റ്റു ചെയ്യുന്നുണ്ട്)
(തുടരും)

Advertisements
No comments yet

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: