Skip to content

യുക്തിവാദമോ യുക്തി’വാത’മോ? സുശീല്‍കുമാറിനു മറുപടി -2

November 23, 2010

“ദൈവം ഉണ്ടെന്ന് വിശ്വാസികള്‍ വിശ്വസിക്കുമ്പോള്‍ ദൈവം ഇല്ലെന്ന് നിരീശ്വരവാദികള്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ?”എന്ന ചോദ്യത്തിന് സുശീല്‍കുമാറിന്റെ  മറുപടിയിതാണ്:”നിരീശ്വരവാദി ‘ദൈവം ഇല്ല’ എന്ന് വിശ്വസിക്കുന്നവനല്ല. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു എന്ന വാദം എടുക്കാം. അതിന്‌ ആര്‍ക്കും കഴിയില്ല. കാരണം ദൈവം ഇല്ല എന്ന് വിശ്വസിക്കണമെങ്കില്‍ അതിന് രണ്ട് കാര്യങ്ങള്‍ സമ്മതിക്കണം. ഒന്ന് ‘ദൈവം’ ഉണ്ട്, രണ്ട് ‘ദൈവം’ നിലനില്‍ക്കുന്നില്ല. നിരീശ്വരവാദി ‘ദൈവം ഇല്ല’ എന്ന് വിശ്വസിക്കാത്തതിനാല്‍ അതിന്‌ ‘മൂര്‍ത്തമായ തെളിവ്’ നല്‍കേണ്ട ബാധ്യത അവര്‍ക്കില്ല.
ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍കുമാറല്ലാതെ ലോകചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല. വിഡ്ഢിത്തത്തിനുള്ള ഏതെങ്കിലും അവാര്‍ഡുണ്ടെങ്കില്‍ സുശീലിന്റെ പേര് അതിനായി ശുപാര്‍ശ ചെയ്യാവുന്നതാണ്.
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാവുന്നു: നിരീശ്വരവാദി ദൈവം ഉണ്ടെന്നും വിശ്വസിക്കുന്നില്ല, ഇല്ലെന്നും വിശ്വസിക്കുന്നില്ല! പിന്നെ, ദൈവത്തെപ്പറ്റി നിരീശ്വരവാദികള്‍ എന്താണ് ചെയ്യുന്നതെന്നു വ്യക്തമാക്കാമോ?


സുശീല്‍കുമാറിന്റെ ആചാര്യനായ ഡോക്കിന്‍സ് എഴുതി:”An atheist in this sense of philosophical naturalist is somebody who believes there is nothing beyond the natural, physical world…….. “(God Delusion, p.14)
ഭൌതികലോകത്തിനപ്പുറം ഒന്നുമില്ല എന്നു വിശ്വസിക്കുന്നവനാണ് നിരീശ്വരവാദിയെന്ന് ഡോക്കിന്‍സ് എഴുതുന്നു. ഭൌതികലോകത്തിനപ്പുറം ഒന്നുമില്ല എന്നു വിശ്വസിക്കണമെങ്കില്‍ ഉണ്ട് എന്നു് ഡോക്കിന്‍സിനു സമ്മതിക്കേണ്ടിവരുമോ എന്ന് സുശീല്‍കുമാര്‍ വ്യക്തമാക്കുമോ? അങ്ങനെ സമ്മതിച്ചുകൊണ്ടാണോ ഡോക്കിന്‍സ് ഈ വരികള്‍ എഴുതിയത് എന്നും വ്യക്തമാക്കാമോ? നിരീശ്വരവാദിയുടെ വിശ്വാസത്തെക്കുറിച്ചുള്ള ആചാര്യന്റെ നിര്‍വചനം അനുയായിക്ക് സ്വീകാര്യമാണോ? ആണെങ്കില്‍ “ഇല്ലെന്നു വിശ്വസിക്കുന്ന”തിനെപ്പറ്റി എഴുതിയ ഡോക്കിന്‍സിന് അബദ്ധം പിണഞ്ഞതാണോ?


സുശീല്‍കുമാറിന്റെ വിശദീകരണം നിരീശ്വരവാദികളുടെ ശോഷിച്ചുവരുന്ന പ്രതിരോധത്തിന്റെ തെളിവാണ്. ഒന്നും രണ്ടും പോസ്റ്റുകളിലെ ഒട്ടേറെ വാദങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന മറുപടിയാണ് ആദ്യത്തേത്. പരിഗണിക്കപ്പെട്ടവക്കു തന്നെ ഭാഗികമായേ വിശദീകരണം നല്‍കിയിട്ടുള്ളൂ. മറുപടിക്ക് മറുപടിയായപ്പോള്‍ ശോഷണം വര്‍ധിച്ചു. യുക്തി ഈ ഗതിയിലാണ് ‘പുരോഗമി’ക്കുന്നതെങ്കില്‍ ഭാവി ഊഹിക്കാവുന്നതേയുള്ളൂ.


കൌതുകകരമായ കാര്യം മറ്റൊന്നാണ്. ശാസ്ത്രത്തിന്റെ മൊത്തക്കുത്തകക്കാരായി മേനി നടിക്കുന്നവരാണ് നിരീശ്വരവാദികള്‍. എന്നാല്‍ ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ള എന്റെ വാദങ്ങളെയെല്ലാം കണ്ടില്ലെന്നു നടിച്ച് നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ. ഈ സമീപനം തന്നെ അശാസ്ത്രീയം മാത്രമല്ല, ഒളിച്ചോട്ടവുമാണെന്ന വസ്തുത ഇവരെ അലട്ടുന്നേയില്ല!


പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത ദൈവത്തിനുള്ള ശാസ്ത്രീയവും യുക്തിപരവുമായ ന്യായങ്ങളാണ് രണ്ട് പോസ്റ്റുകളിലായി ഞാന്‍ നിരത്തിയത്. അതിനെതിരായ ഡോക്കിന്‍സിന്റെ വാദങ്ങളെയെല്ലാം സയുക്തികം ഖണ്ഡിക്കുകയും ചെയ്തിരുന്നു. (തുടര്‍ന്നു വരുന്ന പോസ്റ്റുകളെല്ലാം സവിസ്തരം ഇതേകാര്യങ്ങളെപ്പറ്റിയാണ്). ഇതൊന്നും മതിയാവാതെയും മനസ്സിലാക്കാതെയും കമന്റെഴുതുന്ന നിരീശ്വരവാദികള്‍ ചോദിക്കുകയാണ്. : താങ്കളുടെ ദൈവം എന്തു സാധനമാണപ്പാ എന്ന്! എന്റെ ഒരൊറ്റവാദങ്ങളെയും സുശീല്‍കുമാറോ കമന്റെഴുതിയവരോ ഖണ്ഡിച്ചിട്ടില്ല എന്നതാണു വസ്തുത.


ആദ്യത്തെ രണ്ട് പോസ്റ്റുകളില്‍ പരിഹാസമുള്ളതായി സുശീല്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാല്‍ മറുപടിക്കു മറുപടിയായ മൂന്നാമത്തെ പോസ്റ്റില്‍ രണ്ടാമത്തെ വരിയായി എഴുതിയത് ഇങ്ങനെ :”വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയയില്‍നിന്ന്‌  ജനിക്കുന്നതും വ്യക്തിഹത്യാപരവുമായ ആക്ഷേപങ്ങള്‍ക്കാണ്‌ അദ്ദേഹം തന്റെ മറുപടിയില്‍ വിഷയത്തേക്കാള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത് ” . ഈ “വ്യക്തിഹത്യ”കള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുമില്ല, ഉദാഹരണമായിപ്പോലും! ‘മുപ്പത്തിമുക്കോടി ദൈവങ്ങള്‍ ‘എന്ന പരാമര്‍ശം പരിഹാസമാണെന്ന് ഒരിടത്തു സുശീല്‍കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്.  ഇന്ത്യയിലെ ജാതീയ സമൂഹങ്ങളിലെ ദേവീ-ദേവന്മാരുടെ ബാഹുല്യവും വൈവിധ്യവും സൂചിപ്പിക്കാന്‍ സാമൂഹികശാസ്ത്രജ്ഞന്മാര്‍ ഉപയോഗിക്കുന്ന പദപ്രയോഗമാണിത്. ഇത് പരിഹാസമല്ല, വസ്തുതയാണ്. പക്ഷേ നിരീശ്വരവാദികള്‍ക്ക് ഇതൊക്കെയും പരിഹാസമായേ തോന്നൂ. കാരണം നാഴികയ്ക്കു നാല്‍പ്പതുവട്ടം ഈ ദൈവങ്ങളെയൊക്കെ പരിഹസിക്കലാണല്ലോ അവരുടെ ജീവിതധര്‍മം! ഇത്തരം പരിഹാസങ്ങള്‍ നിത്യവൃത്തിയാക്കിയവരാണ് മുപ്പത്തിമുക്കോടിയെന്ന പരാമര്‍ശം പരിഹാസമായെന്ന് പരാതിപ്പെടുന്നത്!! മഠയത്തത്തെ മഠയത്തമെന്നു വിശേഷിപ്പിക്കുന്നത്, തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രയോഗമായി സുശീല്‍കുമാറിനു് അനുഭവപ്പെട്ടെങ്കില്‍ ഖേദിക്കുന്നു. അത് കഴിയാവുന്നത്ര ഒഴിവാക്കാം.


പ്രപഞ്ചത്തിനു നല്‍കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകളിലെ മുഖ്യ പ്രമേയം. ഓരോ ദൈവസങ്കല്‍പങ്ങളുടെയും വിശദാംശങ്ങള്‍ ഈ അന്വേഷണത്തില്‍ പരിശോധിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. ദൈവ സങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനം മറ്റൊരു വിഷയമാണ്.


ഇനി, മറുപടികളിലേക്കു കടക്കാം.:


“ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം “എന്ന് ‘നാസ്തികനായ ദൈവം’ എന്ന കൃതിയില്‍ സമ്മതിക്കുന്നുണ്ട്(പേജ് 180).ഇതിനെ ആസ്പദമാക്കി ഞാനെഴുതിയത് ഇങ്ങനെ : “ഒരു നിരീശ്വരവാദിക്കുപോലും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നുവെങ്കില്‍ വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ? അങ്ങനെ തോന്നുന്നതുകൊണ്ടാണ് അതിനുപിന്നില്‍ ആസൂത്രകന്‍ ഉണ്ടായിരിക്കണം എന്ന യുക്തിപരമായ നിഗമനത്തില്‍ അവരെത്തുന്നത്(Every design wants a designer). “
ഇതിന് സുശീല്‍കുമാറിന്റെ മറുപടി ഇതാണ് :
‘നാസ്തികനായ ദൈവ’ത്തിലെ വരികള്‍ ഇങ്ങനെയാണ്: “ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ്‌ പ്രപഞ്ചം. പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്ന് ചിന്തിക്കാനാണ്‌ പ്രാഥമിക യുക്തിയില്‍ തോന്നുക.”


ഇവിടെ പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്ന് ചിന്തിക്കാനാണ്‌ പ്രാഥമിക യുക്തിയില്‍ തോന്നുക എന്ന് വാക്യം ഒഴിവാക്കി ആദ്യ വാക്യം മാത്രം എടുത്തിരിക്കുന്നതിന്റെ ഉദ്ദേശം വ്യക്തമാണല്ലോ?


ആദ്യ വാക്യത്തിലെ ആശയത്തെ രണ്ടാമത്തെ വാക്യം ഏതെങ്കിലും വിധത്തില്‍ ദുര്‍ബലമാക്കുന്നുണ്ടെങ്കില്‍ മാത്രമേ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി എന്ന ആരോപണത്തിനു പ്രസക്തിയുള്ളൂ. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. ആദ്യവാക്യത്തെ രണ്ടാമത്തെ വാക്യം ശക്തിപ്പെടുത്തുകയാണ്. “ആസൂത്രണം തന്നെയെന്ന് ചിന്തിക്കാനാണ്‌ “എന്ന സുശീല്‍കുമാര്‍ ഉദ്ധരിച്ച രണ്ടാം വാക്യത്തിലെ പരാമര്‍ശം തന്നെ ഇക്കാര്യം തെളിയിക്കുന്നു.


ഇവിടെ വ്യാഖ്യാനപരമായ അബദ്ധം മാത്രമല്ല, വസ്തുതാപരമായ അബദ്ധവും ലേഖകന് പിണഞ്ഞിട്ടുണ്ട്. “ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്ന”തിനു കാരണം ബാലയുക്തിയാണെന്ന് ഡോക്കിന്‍സ് പറഞ്ഞിട്ടേയില്ല. ആസൂത്രണത്തിന്റെ കാരണം ദൈവമാണെന്നു കരുതുന്നതാണ് ഡോക്കിന്‍സിന്റെ വീക്ഷണത്തില്‍ ബാലയുക്തി.(ഇതേപ്പറ്റി വിശദമായ പോസ്റ്റ് പിന്നീട് വരുന്നുണ്ട്). വിശ്വാസിക്കും നിരീശ്വരവാദിക്കും പ്രാഥമിക യുക്തിക്കാര്‍ക്കും അത് മറികടന്നവര്‍ക്കും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമായി ശേഷിക്കുന്നു എന്നാണര്‍ത്ഥം.


ബാലയുക്തി അഥവാ പ്രാഥമിക യുക്തിയെപ്പറ്റി ഡോക്കിന്‍സ് എഴുതിയതും സുശീല്‍കുമാര്‍ എഴുതിയതും വായിച്ചാല്‍ തന്നെ അത് സൃഷ്ടിവിശ്വാസത്തെ ബലപ്പെടുത്തുന്നു എന്നു ബോധ്യമാവും. ഡോക്കിന്‍സിന്റെ വാദപ്രകാരം ബാലയുക്തിഘട്ടത്തിലാണ് ദൈവത്തില്‍ വിശ്വസിക്കാന്‍ കൂടുതല്‍ സാധ്യത. എന്നാല്‍ ബാലയുക്തിയുടെ ഘട്ടത്തില്‍ മനുഷ്യന് മതവിശ്വാസങ്ങളൊന്നുമില്ലെന്നതാണ് വസ്തുത. ഇക്കാലത്ത് മനസ്സ് ശൂന്യമായരിക്കും. ബാലയുക്തിയുടെ കാലം കഴിഞ്ഞ് യുക്തി പക്വത പ്രാപിക്കുമ്പോഴാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ (അവിശ്വാസങ്ങളായാലും) ആര്‍ജിക്കുന്നതും മനസ്സില്‍ അവ പതിയുന്നതും ബോധ്യപ്പെട്ടലിന്റെ (conviction)ഘട്ടത്തിലെത്തുന്നതും. മനുഷ്യന്റെ ഗ്രഹണശേഷിയുടെ മനശ്ശാസ്ത്രജ്ഞന്മാര്‍ സാമാന്യേന അംഗീകരിക്കുന്ന ഈ വികാസം ഡോക്കിന്‍സിന്റെ ബാല(പ്രാഥമിക)യുക്തിവ്യാഖ്യാനം ബാലിശമാണെന്ന് തെളിയിക്കുന്നു. ബാലയുക്തിയുടെ കാലഘട്ടത്തില്‍ ഗ്രഹണശേഷിയും താര്‍ക്കികശേഷിയും കുറവായിരിക്കും. അക്കാലത്ത് മതവിശ്വാസങ്ങളൊന്നും കുട്ടികളുടെ മനസ്സില്‍ ഗ്രാഹ്യമാവില്ല. അതായത് ബാലയുക്തി കാലഘട്ടം മതവിശ്വാസങ്ങള്‍ ഇല്ലാത്ത കാലമാണ്. അതായത് നിരീശ്വരവാദികളുടെ മനസ്സിനു സമാനമാണിത്. നിരീശ്വരവാദമാണ് ബാലയുക്തിഘട്ടത്തോട് മതവിശ്വാസത്തേക്കാള്‍ സാദൃശ്യം പുലര്‍ത്തുന്നത് എന്നര്‍ത്ഥം. കുട്ടികള്‍ പക്വത നേടുന്നതോടെ മതവിശ്വാസികളായി മാറുന്നു. ബാലയുക്തിഘട്ടം പിന്നിടുമ്പോളാണ് മതവിശ്വാസത്തിലെത്തുന്നത് എന്നു വ്യക്തമല്ലേ?
സുശീല്‍കുമാറിന്റെ ഉപമ
പ്രാഥമികയുക്തി, ബാലയുക്തി എന്നൊക്കെ പറയുന്നത് എന്താണെന്ന് മലയാള ഭാഷാ ബോധമുള്ളവര്‍ക്കൊക്കെ മനസ്സിലാകും. ഒരു കുട്ടിയുടെ തല മേശയില്‍ മുട്ടി എന്നിരിക്കട്ടെ. അവന്റെ കരച്ചില്‍ നിര്‍ത്താന്‍ മുതിര്‍ന്നവര്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ആ മേശയ്ക്ക് ഒരു തല്ലുകൊടുത്തിട്ട് ‘കരയണ്ടകെട്ടോ മോനേ/മോളേ, മേശയ്ക്ക് നല്ല തല്ല് കൊടുത്തിട്ടുണ്ട്’ എന്ന് പറയും. ഒരു മാതിരിപെട്ട കുട്ടികളൊക്കെ ഇതുകൊണ്ട് തൃപ്തരായി കരച്ചില്‍ നിര്‍ത്തും. ഇതാണ്‌ ബാലയുക്തി അഥവാ പ്രാഥമികയുക്തി എന്നൊക്കെ പറയുന്നത്. മുതിര്‍ന്നവര്‍ ആരെങ്കിലും മേശയില്‍ തല മുട്ടിയാല്‍ മേശയ്ക്ക് ഒരു തല്ല് കൊടുത്ത് തൃപ്തരാകാറുണ്ടോ?


ശരിയാണ്. മേശയ്ക്കു തല്ലു കൊടുത്താല്‍ കുട്ടികള്‍ തൃപ്തരാവുന്ന ഘട്ടത്തില്‍ നിരീശ്വരവാദികളെപ്പോലെ മതവിശ്വാസമില്ലാത്തവരാണവര്‍. ഈ ഘട്ടത്തില്‍ നിന്നും ബുദ്ധിപരമായി പുരോഗമിച്ച് പക്വത പ്രാപിക്കുമ്പോഴാണ് കുട്ടികളില്‍ മതവിശ്വാസങ്ങള്‍ ബോധ്യപ്പെട്ടുതുടങ്ങുന്നത്. എന്നാല്‍ പക്വത പ്രാപിച്ചവര്‍ നിരീശ്വരവാദിയായി തുടരുന്നതിനര്‍ത്ഥം അവര്‍ ബുദ്ധിപരമായി മേശക്കു തല്ലുകൊടുത്താല്‍ തൃപ്തരാവുന്ന ഘട്ടത്തില്‍നിന്നും പുരോഗമിച്ചിട്ടില്ലെന്നല്ലേ? അതുകൊണ്ടാണല്ലോ കുട്ടികളെപ്പോലെ അവരും മതവിശ്വാസമില്ലാത്തവരായി മാറാതെ നില്‍ക്കുന്നത്? അതിനാല്‍ മതവിശ്വാസമല്ല, നിരീശ്വരവാദമാണ് ബാലയുക്തിയോട് കൂടുതല്‍ സാദൃശ്യം പുലര്‍ത്തുന്നത്.


ഡോക്കിന്‍സ് നിരീശ്വരവാദിയണെന്നതിന് മൂര്‍ത്തമായ തെളിവില്ലെന്ന്
ഡോക്കിന്‍സ് നിരീശ്വരവാദിയണെന്നതിന് മൂര്‍ത്തമായ തെളിവു നല്‍കാനാവില്ല എന്ന എന്റെ വാദത്തെ രണ്ടു പോസ്റ്റുകളിലൂടെ ഖണ്ഡിച്ച് ഖണ്ഡിച്ച് ഒടുവിലായി സുശീല്‍കുമാര്‍ എഴുതുന്നു.  : “ഡോക്കിന്‍സിന്റെ നിരീശ്വരവാദം അദ്ദേഹത്തിന്റെ തലച്ചോറ് എന്ന ഭൗതിക വസ്തുവിന്റെ ഉല്പന്നവുമാണ്‌. ആശയം ഭൗതികമല്ലാത്തതിനാല്‍ അതിന്‌ ‘മൂര്‍ത്തമായ’ തെളിവ് നല്‍കാനാകില്ല എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം.


ഇതങ്ങ് ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ? ഏതു കൊച്ചുകുട്ടിക്കുമറിയാവുന്ന ഇക്കാര്യം നിരീശ്വരവാദികള്‍ ഇപ്പോളെങ്കിലും മനസ്സിലാക്കിയത് നന്ന്!
ദൈവാസ്തിത്വത്തിന് നല്‍കപ്പെട്ട അഞ്ചു് അമൂര്‍ത്തമായ തെളിവുകളെ ഖണ്ഡിക്കാനാണല്ലോ ഡോക്കിന്‍സ് ശ്രമിച്ചിട്ടുള്ളത്. കൂടാതെ മറ്റനേകം തെളിവുകളേയും അദ്ദേഹം ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമം പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ഞാന്‍ രണ്ടു പോസ്റ്റുകളിലായി സമര്‍ത്ഥിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നുപോലും ഖണ്ഡിക്കാന്‍ സുശീല്‍കുമാര്‍ ശ്രമിച്ചിട്ടില്ല. (സി കെ ബാബു അക്വിനാസിനെപ്പറ്റി എഴുതിയത് നോക്കുക എന്നു പറഞ്ഞ് തടിതപ്പി)


ആനയും സിംഹവും
സിംഹത്തിന്റെയും ആനയുടെയും ഉദാഹരണം അദ്ദേഹം പറഞ്ഞത് ശരിതന്നെ” എന്നു സമ്മതിച്ച സുശീല്‍കുമാര്‍ എന്നെ ഖണ്ഡിച്ചതിങ്ങനെ : ‘”എന്നാല്‍ അതാണോ അദ്ദേഹത്തിന്റെ ചോദ്യം? ചെമ്പരുത്തിപ്പൂവിന്റെ ചുവപ്പാണോ, അതോ സൂചിയുടെ കൂര്‍പ്പാണോ കൂടുതല്‍ നീണ്ടത് എന്നൊരു ചോദ്യം ചോദിച്ചിട്ട് താനെന്തൊ മഹത്തായ കാര്യം സാധിച്ചിരിക്കുന്നു എന്ന് നടിക്കുന്നവരോട് എന്ത്‌ പറയാന്‍?


എങ്ങനെയുണ്ട് മറുപടി? സുഹൃത്തേ, ഞാന്‍ അതുസംബന്ധമായി ചോദ്യങ്ങളൊന്നും ചോദിച്ചില്ലല്ലോ. താങ്കള്‍ മറുപടിയെഴുതിയപ്പോള്‍ ഉദ്ധരിച്ച എന്റെ വാക്കുകള്‍ ഇതായിരുന്നു.: “ദൈവത്തിന്റെ അമൂര്‍ത്തത വ്യക്തമാക്കാനാണ് സ്നേഹത്തോട് ഉപമിച്ചത്. അമൂര്‍ത്തമായ സ്നേഹത്തിന് സമൂര്‍ത്തമായ തെളിവ് ഇല്ലാത്തതുപോലെ അമൂര്‍ത്തമായ ദൈവത്തിനും സമൂര്‍ത്തമായ തെളിവ് ഹാജറാക്കാനാവില്ല എന്നാണ് വാദം. ഈ വാദത്തെ ഖണ്ഡിക്കണമെങ്കില്‍ ദൈവം  സമൂര്‍ത്തമാണെന്നോ സ്നേഹം സമൂര്‍ത്തമാണെന്നോ സമര്‍ത്ഥിക്കണം.  അതുമല്ലെങ്കില്‍ അമൂര്‍ത്തമായതിനും സമൂര്‍ത്തമായ തെളിവുണ്ടാകുമെന്നു സമര്‍ത്ഥിക്കണം. “
താങ്കള്‍ തന്നെ  ഖണ്ഡിക്കാന്‍ ഉദ്ധരിച്ച ഇതിലെവിടെയാണ് ചോദ്യം?


പ്രപഞ്ചം മസ്തിഷ്കത്തിനകത്താണോ?
പ്രപഞ്ചം മസ്തിഷ്കത്തിനകത്താണെന്ന് താങ്കള്‍ പറഞ്ഞതായി ഞാന്‍ എവിടെയും എഴുതിയിട്ടില്ല.  ദൈവത്തെപ്പറ്റിയുള്ള ചിന്തകള്‍ മസ്തിഷ്കത്തിനകത്തായതിനാല്‍ ദൈവവും മസ്തിഷ്കത്തിനകത്താണെന്ന് താങ്കള്‍ വാദിച്ചതിനാല്‍, പ്രപഞ്ചത്തെപ്പറ്റി ചിന്തിക്കുന്നയാളുടെ മസ്തിഷ്കത്തിനകത്താണ് പ്രപഞ്ചമെന്ന മൌഢ്യധാരണ താങ്കള്‍ വച്ചുപുലര്‍ത്തുമോ എന്ന ഒരു സംശയം ഉന്നയിക്കുക മാത്രമേ ചെയ്തുള്ളൂ.


വെല്ലുവിളി
ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍, ആനമറുത, ഇവയൊക്കെ മനുഷ്യമസ്തിഷ്കത്തിന്റെ ഭാവനകള്‍ തന്നെയാണെന്നാണ്‌ എന്റെ പക്ഷം. അല്ലെന്ന് തെളിയിക്കാന്‍ എന്‍ എം ഹുസ്സൈനെ വെല്ലുവിളിക്കുന്നു.”എന്നു സുശീല്‍കുമാര്‍.
റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് മൂര്‍ത്തമായി  തെളിയിക്കാനാവില്ലെന്ന് സമ്മതിച്ച താങ്കളോട് ഇവയെ മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നു ഞാനും സമ്മതിക്കുന്നു.


മന്ദബുദ്ധികള്‍
“ദൈവമോ ജിന്നുകളോ മസ്തിഷ്കത്തിനകത്താണെന്ന് യുക്തിവാദികള്‍ക്ക് വിശ്വസിക്കാം. എന്നാല്‍ മതവിശ്വാസികളിലെ മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല.”എന്ന  എന്റെ വാക്യം ഉദ്ധരിച്ച് സുശീല്‍കുമാര്‍ എഴുതുന്നു.


ഇപ്പോള്‍ കാര്യം വ്യക്തമായില്ലേ? ‘മന്ദബുദ്ധികളായ’ വിശ്വാസികള്‍ എങ്ങനെ വിശ്വസിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ അദ്ദേഹത്തിന്റെ ഈ ശാസ്ത്രീയ അഭ്യാസം മുഴുവനും.” എങ്ങനെയുണ്ട് ഖണ്ഡനം?

“മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല.” എന്നെഴുതിയാല്‍ ‘മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നു’ എന്നു ഗ്രഹിക്കുന്ന സുശീല്‍കുമാറിന്റെ ഗ്രഹണശേഷിക്കു് കാര്യമായ തകരാറുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ?


സുശീല്‍കുമാറിനുള്ള എന്റെ മറുപടിയില്‍ കംപ്യൂട്ടര്‍ വിദഗ്ധനായ ഫാറൂക്ക് ബക്കര്‍ വിചാരം എന്ന തൂലികാ നാമത്തില്‍ എഴുതിയ കമന്റിതാണ് : “ഹുസൈന്‍ സാറെ നിങ്ങളുടെ മതത്തിലെ മന്ദബുദ്ധികളുമായി എപ്പോഴെങ്കിലും സംവദിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒരു വട്ടം അവരുമായി സംവദിക്കുക അപ്പോളറിയാം അവരുടെ മനസ്സിന്റെ നാലയലത്ത് പോലും ദൈവം എന്ന ഇല്ലാ രൂപത്തിന്റെ ലാഞ്ചന പോലും ഇല്ലായെന്ന്. “


നിരീശ്വരവാദിയായ ‘വിചാര’ത്തിന്റെ വാദപ്രകാരം മന്ദബുദ്ധികളും  നിരീശ്വരവാദികളും ഒരേപോലെ ചിന്തിക്കുന്നു എന്നല്ലേ തെളിയുന്നത്? രണ്ടു വിഭാഗത്തിന്റെയും “മനസ്സിന്റെ നാലയലത്തുപോലും ദൈവം എന്ന ഇല്ലാരൂപത്തിന്റെ ലാഞ്ചന പോലും ഇല്ല”!!


വിചാരത്തിന്റെ വാദത്തെ ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. സുശീല്‍കുമാര്‍ അടക്കമുള്ള നിരീശ്വരവാദികള്‍ കൂടി അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇതും സമാനമായ അസംബന്ധങ്ങളും എഴുതിവിടുന്ന നിരീശ്വരവാദികള്‍ക്ക് ഇതൊക്കെ വായിക്കുന്നവര്‍ മന്ദബുദ്ധികളല്ല എന്ന സാമാന്യ ‘വിചാര’മെങ്കിലും ഉണ്ടായെങ്കില്‍! കമന്റെഴുതുന്ന നിരീശ്വരവാദികളില്‍ ഏറെപ്പേര്‍ക്കും വിവരമില്ല എന്ന വിവരം പോലുമില്ല. മിനിമം ആ വിവരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നേ അവര്‍ രക്ഷപ്പെട്ടേനെ!


ഡോക്കിന്‍സ് നിരീശ്വരവാദിയെന്നത് വിശ്വാസമാണ്

“ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നത് ” ‘വിശ്വാസം ‘ തന്നെയാണെന്ന് സുശീല്‍കുമാര്‍ സമ്മതിക്കുന്നു.’ ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്ന് ഏതു കൊച്ചുകുട്ടിക്കുമറിയാം’ എന്ന് അതിനും മുന്‍പ് അദ്ദേഹം സമ്മതിച്ചിരുന്നു. ഏതായാലും മൂര്‍ത്തമായി തെളിയിക്കാനാകാത്ത ഒരു വിശ്വാസമെങ്കിലും സുശീല്‍കുമാറിനുണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ? ഇങ്ങനെ ചിന്ത പുരോഗമിക്കുകയാണെങ്കില്‍ (ഇപ്പോളാണ് ചിന്തിച്ചുതുടങ്ങിയതെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?) വൈകാതെ മൂര്‍ത്തമായി തെളിയിക്കാനാകാത്ത വിശ്വാസങ്ങള്‍ വേറെയും ആകാമെന്ന് അദ്ദേഹത്തിനു ഗ്രഹിക്കാനാവും. ഭാവുകങ്ങള്‍.


പക്ഷേ ആ ‘വിശ്വാസ’ത്തിന്‌ ചില അടിസ്ഥാനങ്ങളുണ്ട്. “എന്നാണ് സുശീല്‍കുമാര്‍ തുടര്‍ന്ന് എഴുതിയിട്ടുള്ളത്. ദൈവവിശ്വാസത്തിന്റെ ഇത്തരം അടിസ്ഥാനങ്ങളെയല്ലേ നാനൂറ് പേജുകളിലായി ഡോക്കിന്‍സ് തന്നെ ഖണ്ഡിക്കുന്നത്? ദൈവവിശ്വാസത്തിനും ‘ചില അടിസ്ഥാനങ്ങളുണ്ട്’ എന്നല്ലേ ഇതിനര്‍ത്ഥം?


ഗോത്രദൈവമോ?
‘മുപ്പത്തിമുക്കോടി ദൈവങ്ങള്‍ ‘എന്ന പ്രയോഗം പരിഹാസമല്ല, ജാതി സമൂഹങ്ങളിലെ ദേവീ-ദേവ വൈവിധ്യത്തെ സൂചിപ്പിക്കാന്‍ സാമൂഹികശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറുള്ളതാണ് . അതിലൊരു ദൈവമല്ല അല്ലാഹുവെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. ഈശ്വരന്‍,ദൈവം എന്നീ മലയാള പദങ്ങളുടെയും God എന്ന ഇംഗ്ലീഷ് വാക്കിന്റെയും അറബി രൂപമാണ് അല്ലാഹുവെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെ ഖണ്ഡിച്ചുകൊണ്ട് സുശീല്‍കുമാര്‍ എഴുതുന്നു:”  ‘മുപ്പത്തി മുക്കോടി ദൈവങ്ങളില്‍’ അല്ലാഹു പെടുകയില്ല. ഈ ദൈവങ്ങള്‍ ഒന്നും GOD എന്ന എന്ന ഇംഗ്ലീഷ് പദത്തിന്റെ പര്യായവുമല്ല“. ഇതുതന്നെയല്ലേ ഞാനും എഴുതിയത്? അതു പകര്‍ത്തിവച്ചാല്‍ ഖണ്ഡനമാവുമോ? ദേവീ-ദേവന്മാര്‍ക്ക് gods-goddesses എന്നാണ് ഇംഗ്ലീഷ് പ്രയോഗം, GOD എന്നല്ല. ഈശ്വരനെയാണ് ഇംഗ്ലീഷില്‍ GOD എന്നു പ്രയോഗിക്കുക. ഏകസ്വരൂപനായ ഈശ്വരന്റെ ഭാവാര്‍ത്ഥത്തിലുള്ള സങ്കല്‍പ്പങ്ങളാണ് ദേവീ-ദേവന്മാരെന്ന് വേദ-ഉപനിഷദ് പണ്ഡിതന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.


പ്രപഞ്ചോല്‍പ്പത്തി


“പ്രപഞ്ചത്തിന്‌ ആരംഭമുണ്ടെന്ന് ശാസ്ത്രം പറയുമ്പോള്‍ ……..”എന്നെഴുതിയ സുശീല്‍കുമാര്‍  പ്രപഞ്ചത്തിന് ആരംഭം ഉണ്ടെന്നു ശാസ്ത്രം തെളിയിച്ചു എന്ന് സമ്മതിച്ചതായി കരുതാമല്ലോ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും പ്രപഞ്ചത്തിന് ആരംഭമില്ലെന്നു വാദിച്ചുകൊണ്ടിരുന്ന നിരീശ്വരവാദം അശാസ്ത്രീയമാണെന്ന് സുശീല്‍കുമാറിന്റെ വരിയിലൂടെ തന്നെ വ്യക്തമായില്ലേ? നൂറ്റാണ്ടുകളായി പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നു വാദിച്ചുകൊണ്ടിരുന്ന മതത്തിന്റെ ഈ മുഖ്യവീക്ഷണം ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടുവെന്നല്ലേ ഇതില്‍നിന്നും തെളിയുന്നത്? നിവൃത്തിയില്ലാതെ ഒരു നുണകൂടി തട്ടിവിട്ട് നിരീശ്വരവാദത്തിനു് ഓക്സിജന്‍ നല്‍കാന്‍(ഇപ്പോള്‍ ഐ സി യുവിലാണ്) സുശീല്‍കുമാര്‍ ശ്രമിക്കുന്നത് കാണുക : “മഹാവിസ്ഫോടനത്തിന്‌ മുമ്പ് ദ്രവ്യം ഇല്ലായിരുന്നു എന്നുമല്ല “എന്ന്! മഹാവിസ്ഫോടനത്തിനു മുന്‍പ് ഫ്രീഡ്മാന്‍ ഗ്രാഫില്‍ സമയവും സ്ഥലവും മറ്റു ഭൌതിക വസ്തുക്കളുമെല്ലാം പൂജ്യമാണെന്ന ശാസ്ത്ര വസ്തുത സുശീല്‍കുമാറിനറിയുമോ?


സഹജം
മനുഷ്യര്‍ സൃഷ്ടിവാദത്തോട് സഹജമായും ആഭിമുഖ്യമുള്ളവരാണെന്ന ബ്ലും എന്ന മനശ്ശാസ്ത്രജ്ഞന്റെ വാദം നിരത്തി മറ്റനേകം ഉപവാദങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നുവെങ്കിലും ഒന്നിനും വിശദീകരണം നല്‍കാതെ സുശീല്‍കുമാര്‍ തടിതപ്പി. ആകെക്കൂടി ചെയ്തത് ഡിബോറോ കീല്‍മാന്റെ “കുട്ടികള്‍ ജന്മനാ ടെലിയോളജിസ്റ്റുകളാണ് “എന്ന നിരീക്ഷണം ഹാജറാക്കുകയാണ്! ഇതുതന്നെയല്ലേ ബ്ലുമും സമര്‍ത്ഥിച്ചത്? മനുഷ്യന്‍ ജന്മനാ ടെലിയോളജിസ്റ്റുകളാണെന്നത് മനുഷ്യര്‍ ജന്മനാ സൃഷ്ടിവാദ ആഭിമുഖ്യമുള്ളവരാണെന്നതിന്റെ സ്ഥിരീകരണമാണ്. ഖണ്ഡിക്കാനിറങ്ങിയ സുശീല്‍കുമാര്‍ എന്റെ വാദങ്ങളെ സ്ഥിരീകരിക്കാന്‍ തയ്യാറായതില്‍ അഭിനന്ദനങ്ങള്‍. പലരും ആ ഘട്ടത്തില്‍നിന്നു മോചിതരാകുന്നില്ല “എന്നാണല്ലോ തുടര്‍ന്നുള്ള വാക്യം. പലരും എന്നല്ല മിക്കമനുഷ്യരും എന്നാണ് ശരിയായ പ്രയോഗം. ചുരുക്കം ചില നിരീശ്വരവാദികള്‍ മനുഷ്യരുടെ സഹജപ്രകൃതിയില്‍ നിന്നും ‘മോചനം’ നേടി നിരീശ്വരവാദത്തിലെത്തുന്നു. എന്നാല്‍ ഈ വീക്ഷണം മനുഷ്യപ്രകൃതിക്കു നിരക്കാത്തതും പ്രകൃതിവിരുദ്ധവും കൂടിയാണെന്ന് ആധുനിക മനശ്ശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നു.


കമന്റുകളെപ്പറ്റി
എന്റെ ഒരു വാദത്തെപ്പോലും ഖണ്ഡിക്കുന്ന കമന്റുകള്‍ കണ്ടില്ല. നിരീശ്വരവാദികളുടെ മിക്ക കമന്റുകളും വാദം മനസ്സിലാക്കാതെയുള്ളതും അതുകൊണ്ടുതന്നെ ചര്‍ച്ചാവിഷയവുമായി ബന്ധമില്ലാത്തതുമാണ്. പ്രസക്തമായ കമന്റുകള്‍ക്ക് വിശദീകരണം നല്‍കാം.


@നിസ്സഹായന്‍
നിഗൂഢവാദത്തോട് അടുത്തു എന്നത്, ആത്മീയത അഥവാ ആശയവാദം മുന്നോട്ടുവെക്കുന്ന പ്രപഞ്ചവീക്ഷണത്തോട് ശാസ്ത്രം യോജിപ്പ് പ്രകടിപ്പിക്കുന്നു എന്നതിന്റെ തെളിവല്ലല്ലോ “എന്നാണ് നിസ്സഹായന്‍ എഴുതിയത്. യോജിപ്പു പ്രകടിപ്പിക്കുന്നു എന്നതിന്റെ തെളിവു തന്നെയാണത്. ശാസ്ത്രം ഭൌതികവാദത്തില്‍നിന്നും അകന്നെന്നു പറഞ്ഞാല്‍ മതത്തോട് അടുത്തു എന്നുതന്നെയാണര്‍ത്ഥം. മറ്റു വല്ല അര്‍ത്ഥങ്ങളുമുണ്ടെങ്കില്‍ നിസ്സഹായനു സമര്‍ത്ഥിക്കാം. പോള്‍ ഡേവിസ് മതവിശ്വാസിയല്ലാത്ത ശാസ്ത്രജ്ഞനാണ്. ഡോക്കിന്‍സിനെപ്പോലെ നിരീശ്വരമൌലികവാദിയല്ല എന്നുമാത്രം. (അതുകൊണ്ടാണ് ഡോക്കിന്‍സ് ഡേവിസിനെ ആക്ഷേപിക്കുന്നത്)


ഡോക്കിന്‍സ് മതാധിഷ്ടിത ദൈവത്തെ മാത്രമല്ല മതാതീത ദൈവസങ്കല്‍പ്പ(Deism)ത്തെയും നിരാകരിച്ചിട്ടുണ്ട്; ഖണ്ഡിച്ചിട്ടുണ്ട്. ദൈവമില്ല എന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടിയാണ് “സാധ്യത പൂജ്യത്തോടടുത്ത്” എന്ന് ഡോക്കിന്‍സ് വാദിക്കുന്നത്.ദൈവം ഉണ്ടാകാന്‍ പൂജ്യത്തോടടുത്ത സാധ്യതയാണെന്നു പറഞ്ഞാല്‍ ദൈവമില്ല എന്നാണര്‍ത്ഥം. (സ്റ്റാറ്റിസ്റ്റിക്സിന്റെ ഭാഷയാണത്). ഡോക്കിന്‍സ് നൂറുശതമാനം ദൈവത്തെ നിഷേധിക്കുന്നയാളാണെന്ന് ഞാന്‍ എവിടേയും എഴുതിയിട്ടില്ലല്ലോ. ആ നിലയ്ക്ക് “ഇക്കാര്യങ്ങള്‍ മറച്ചുവെച്ചു” എന്ന ആരോപണത്തിന് എന്തു പ്രസക്തിയാണുള്ളത്?


ഏതു മതത്തിന്റെ ആത്മീയതയോടാണ് കൂടുതല്‍ അടുത്തത് എന്നതാണ് മറ്റൊരു സംശയം . പ്രപഞ്ചത്തെ സൃഷ്ടിച്ചു സംവിധാനിച്ചത് ദൈവമാണെന്നു സിദ്ധാന്തിക്കുന്ന എല്ലാ മതങ്ങളുടെ ആത്മീയതകളോടും ശാസ്ത്രം കൂടുതല്‍ അടുത്തിട്ടുണ്ട്. എന്നാല്‍ ഭൌതികപ്രപഞ്ചത്തിനപ്പുറം ഒന്നുമില്ല എന്നും പ്രപഞ്ചത്തിന് ആരംഭമില്ലെന്നും സിദ്ധാന്തിക്കുന്ന എല്ലാത്തരം ഭൌതികവാദങ്ങളില്‍നിന്നും ശാസ്ത്രം കൂടുതല്‍ അകന്നിട്ടുമുണ്ട്.
ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം ശാസ്ത്രീയവിവരങ്ങളും യുക്തിയും തന്നെയാണ്. അതുകൊണ്ടാണല്ലോ ഇവയെ ഖണ്ഡിക്കാന്‍ ഡോക്കിന്‍സിന് നാനൂറിലേറെ പേജുകളുള്ള പുസ്തകം എഴുതേണ്ടിവന്നത്. ദൈവവിശ്വാസത്തിന് ശാസ്ത്രീയവും യുക്തിപരവുമായ അടിസ്ഥാനങ്ങളില്ലെങ്കില്‍ ഡോക്കിന്‍സ് നാനൂറോളം പേജുകളിലായി ഖണ്ഡിക്കുന്നത് എന്തിനെയാണ്? മഠയത്തരങ്ങളെ ഖണ്ഡിക്കാന്‍ നാനൂറോളം പേജുകള്‍ വേണ്ടിവരുമോ എന്നെങ്കിലും നിസ്സഹായന് ആലോചിക്കാമായിരുന്നു.


ദൈവത്തെ മനസ്സിലാക്കുന്നതില്‍ മനുഷ്യനു പരിമിതികളുണ്ട് എന്നതുകൊണ്ടാണ് വൈവിധ്യവും വൈരുധ്യവുമാര്‍ന്ന ദൈവസങ്കല്‍പ്പങ്ങളുണ്ടായത്. ജീവശാസ്ത്രത്തില്‍ ജീവജാതിയെ(species) നിര്‍വചിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുപതിലേറെ നിര്‍വചനങ്ങളുണ്ടായി. അതുകൊണ്ട് ജീവജാതി എന്ന സങ്കല്‍പ്പം തന്നെ അടിസ്ഥാനരഹിതമാണെന്നു നിസ്സഹായന്‍ വാദിക്കുമോ?


@ജാക്ക് റാബിറ്റ്:
മാന്യമായ കമന്റുകള്‍. മാന്യന്മാരായ നിരീശ്വരവാദികള്‍ മലയാളത്തിലെഴുതുന്ന മഠയത്തരങ്ങള്‍ ജാക്ക് റാബിറ്റ് ഇംഗ്ലീഷിലെഴുതുന്നു എന്ന വ്യത്യാസം മാത്രം.


“ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല.”എന്ന എന്റെ വരികള്‍ ഉദ്ധരിച്ച ശേഷം ജാക്ക് റാബിറ്റ് എഴുതി:(Nov 19, 2010, 2:10 AM):


“I am sorry to show who lacks knowledge of Philosophy here. Logic is one of the branches of philosophy. Let us take this claim -ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല. This is only an assertion based on belief with out any supporting evidence. Just because you can construct a proposition using language doesn’t means it needs to be true. Then you are using this as a lemma to prove – ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല.


You are using an unproven premise to arrive at a conclusion. I amn’t sure who needs to take Logic 101 course here. “


റാബിറ്റേ, ഞാന്‍ എഴുതിയത് ആദ്യം മനസ്സിലാക്കുക. ശേഷം മറുവാദം ഉന്നയിക്കുക. അല്ലെങ്കില്‍ മഠയത്തമാകും. മേല്‍ സംഭവിച്ചതും അതുതന്നെ. ‘ദൈവത്തിന് ആരംഭമില്ല’ എന്നതിന്റെ അടിസ്ഥാനത്തില്‍ എത്തിയ conclusion അല്ല ‘ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന’ത്. ആദ്യത്തേതുമായി രണ്ടാമത്തേതിന് അനിവാര്യബന്ധമൊന്നുമില്ല. രണ്ടാമത്തേത് , സാമാന്യമായി നിരീശ്വരവാദികളും ഈശ്വരവാദികളും അംഗീകരിക്കുന്ന തത്ത്വചിന്തയിലെ ഒരു തത്വമാണ്.
ആരംഭമില്ലാത്തതിനു കാരണം ആവശ്യമുണ്ടെന്ന് വാദിച്ച ഏതെങ്കിലും നിരീശ്വരതത്ത്വചിന്തകനെ റാബിറ്റിനു് അറിയുമോ? ആദ്യത്തേതില്‍നിന്നും രണ്ടാമത്തേതില്‍ എത്തുകയല്ല രണ്ടാമത്തേത് ആദ്യത്തേതില്‍ പ്രയോഗിക്കുകയാണു ഞാന്‍ ചെയ്തത്.
ദൈവമില്ല എന്ന പ്രസ്താവന യുക്തിപരമാണെന്നതിന് ഏതെങ്കിലും ഒരു നിരീശ്വരവാദി മൂര്‍ത്തമായ തെളിവ് ഹാജറാക്കിയിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന് മറുപടിയൊന്നും നല്‍കാതെ റാബിറ്റ് മറ്റൊരു ചോദ്യം ഉന്നയിക്കുന്നു.”Can i ask similarly whether you can provide solid evidence to show ദൈവത്തിന് ആരംഭമില്ലെന്നു ?”
ദൈവാസ്തിത്വത്തിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ സാധ്യമല്ല എന്ന് ദീര്‍ഘമായി സമര്‍ത്ഥിച്ച എന്നോട് “ദൈവത്തിന് ആരംഭമില്ലെ”ന്നതിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ പറയുന്ന താങ്കള്‍ക്ക് ഞാനെഴുതിയത് അല്പ്പം പോലും മനസ്സിലായില്ല എന്നല്ലേ അര്‍ത്ഥം? ക്രിസ്ത്യന്‍ സൃഷ്ടിവാദക്കാരുടെ കൃതികള്‍ റഫറന്‍സായി നല്‍കിയതു പരാമര്‍ശിച്ച് അവരുമായി യോജിക്കുന്നുണ്ടോ എന്നും റാബിറ്റ് ചോദിക്കുന്നു. സൃഷ്ടി എന്ന സങ്കല്‍പ്പം ആരുടേതായാലും സമാനതയെ സൂചിപ്പിക്കുന്നു. വിശദാംശങ്ങളിലെ വ്യത്യാസങ്ങളിലല്ല പൊതുവായ സമാനതകളിലാണ് എന്റെ ശ്രദ്ധ.


സുശീല്‍കുമാര്‍
(Nov 15, 2010 , 9:25 pm)
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പുതിയ പുസ്തകത്തെപ്പറ്റി ഒരു ഭാഗം ഉദ്ധരിക്കുന്നു. അതില്‍ ” It argues that invoking God is not necessary to explain the origin of universe  and that the Big Bang is a consequence of the laws of physics alone” എന്ന വാക്യമുണ്ട്.


ഒരു സിസ്റ്റത്തെയും ആ സിസ്റ്റംകൊണ്ടു മാത്രം വിശദീകരിക്കാനാവില്ല. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ പ്രോഗ്രാമറില്ലാതെ കംപ്യൂട്ടര്‍ മാത്രം മതിയാവുമോ? അതിന്റെ ഉദ്ഭവത്തെ അത്രപോലും  വിശദീകരിക്കാനാവില്ല. അതിനാല്‍ പ്രപഞ്ചത്തെ അതിനകത്തെ ഭൌതികനിയമങ്ങള്‍ കൊണ്ട് വിശദീകരിക്കാമെന്ന വാദം അശാസ്ത്രീയവും അയുക്തികവുമാണ്.


പ്രപഞ്ചം ഉദ്ഭവിച്ചതാണെന്ന് ശാസ്ത്രം കണ്ടെത്തിയതായി സുശീല്‍ മുന്‍പു സമ്മതിച്ചല്ലോ. ഹോക്കിങ്ങിന്റെ ഈ വാക്യം കൂടി നോക്കൂൂ: ” So  long as the universe had a beginning, we could suppose it had a creator“(‘The Brief History of Time’ p 149) ഇതില്‍നിന്നെത്താവുന്ന ഏക നിഗമനം ഇതാണ്. പ്രപഞ്ചത്തിന് ഉദ്ഭവമുള്ളതിനാല്‍ സ്രഷ്ടാവ് അനിവാര്യം!


(മലയാളം ടൈപ്പിങ് വശമാക്കാനുള്ള താമസം മൂലമാണ് അപ്പപ്പോള്‍ മറുപടി എഴുതാന്‍ സാധിക്കാതെ വരുന്നത്. ഇപ്പോള്‍ മാനുസ്ക്രിപ്റ്റ് സൂഹൃത്തിനെക്കൊണ്ട് ടൈപ്പ് ചെയ്യിച്ച് ഇടുകയാണ്. അതുകൊണ്ട് മറുപടികള്‍ ഉടനുടന്‍ കണ്ടില്ലെങ്കില്‍ തെറ്റിദ്ധരിക്കരുതെന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.)

Advertisements
No comments yet

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: