Skip to content

സ്പോഞ്ചിന്റെ ആസൂത്രണം

March 17, 2011

പരിണാമസിദ്ധാന്തവും ഉത്തരാധുനികശാസ്ത്രവും- 2
സൃഷ്ടിവാദത്തിന് അനുകൂലമായും പരിണാമവാദത്തിന് എതിരായും പ്രകൃതിയില്‍നിന്നു് അവതരിപ്പിക്കാവുന്ന, ആസൂത്രണം വ്യക്തമാക്കുന്ന ഉദാഹരണങ്ങള്‍ അസംഖ്യമുണ്ട്. ഇവയില്‍ ഏതാനും ചിലതു വിവരിക്കുന്ന Life: How Did It Get Here എന്നൊരു കൃതി വാച്ച്ടവര്‍ ബൈബിള്‍ സൊസൈറ്റിക്കാര്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ ചില വാദങ്ങളെ ഖണ്ഡിക്കാന്‍ ഡോക്കിന്‍സ് ശ്രമിക്കുന്നു. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: “വീനസ്സ് ഫ്ളവര്‍ ബാസ്കറ്റ് (Venus’s Flower Basket(Euplectella) എന്ന സ്പോഞ്ചിനെ നോക്കി അറ്റന്‍ബറോ അതിശയിക്കുന്നുണ്ട്. അത്തരം ചെറുജീവികളുടെ നട്ടെല്ല് സിലിക്കഡിസ്ക്കുകള്‍ (Silica spicules) വച്ച് ഇത്ര കൃത്യമായും വശ്യമായും ആസൂത്രണം ചെയ്തിരിക്കുന്നതു കാണുമ്പോള്‍ ആരായാലും വായ് പൊളിച്ചു നിന്നുപോകും. അതിസൂക്ഷ്മമായ കോശങ്ങള്‍ കൂടിച്ചേര്‍ന്ന് കമനീയമായ സ്ഫടികഘടനയുള്ള ഒരു നട്ടെല്ലായി പരിണമിക്കുന്നതെങ്ങനെ? യാദൃശ്ചികമായി ഇതെല്ലാം സംഭവിക്കുമോ? നമുക്കറിയില്ല.” പ്രമുഖ ബ്രോഡ്കാസ്റ്ററായ അറ്റന്‍ബറോയുടെ വാചകങ്ങളാണിവ. ഇന്നത്തെ ജീവശാസ്ത്രജ്ഞര്‍ക്കു പോലും ഗ്രാഹ്യമാകുന്നതിനപ്പുറമുള്ള ശാരീരിക സങ്കീര്‍ണത സ്പോഞ്ച് എന്ന ജീവിക്ക് എങ്ങനെ ലഭിച്ചുവെന്നതാണു ചോദ്യം. അത് സ്പോഞ്ച് സ്വയം ആവിഷ്കരിച്ചതാണോ? അതോ അന്ധവും ബധിരവുമായ പ്രകൃതിയില്‍ സ്വയമേവ ഉരുത്തിരിഞ്ഞതോ? ഇതൊന്നും യുക്തിസഹമോ സാമാന്യബുദ്ധിക്കു നിരക്കുന്നതോ ആയ വിശദീകരണമല്ലെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും. പക്ഷേ പ്രപഞ്ച സ്രഷ്ടാവായ ആസൂത്രകന്‍ എന്ന നിഗമനം മാത്രം സ്വീകാര്യമല്ലെന്ന നിലപാടാണ് നിരീശ്വരവാദികളുടേത്. അതിനാല്‍ ഗ്രന്ഥകാരന്‍ എഴുതുന്നു: “ദന്തഗോപുരവാസികളായ തത്വചിന്തകരും തെളിവു സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടി ശീലമില്ലാത്ത ശാസ്ത്രജ്ഞരും ഉടന്‍ ചാടി വീണ തീര്‍പ്പും കല്‍പിക്കുന്നു:  “അത് അവന്റെ ബുദ്ധിപരമായ ആസൂത്രണം തന്നെ.” എവിടെ നിര്‍ദ്ധാരണത്തിനു വഴങ്ങാത്ത സങ്കീര്‍ണതയുണ്ടോ (Irreducible Complexity) അവിടെയൊക്കെ ദൈവം വിരുന്നിനെത്തുകയായി.”‘(305)
സ്പോഞ്ചിന്റെ  അതിസങ്കീര്‍ണമായ ശാരീരിക ഘടന പ്രകൃതിനിര്‍ധാരണത്തിലൂടെ ആവിര്‍ഭവിക്കില്ലെന്ന് സാമാന്യ ബുദ്ധിയെങ്കിലുമുള്ളവര്‍ക്കു മനസ്സിലാക്കാനാവും. “സ്പടിക ഘടനയുള്ള നല്ലെട്ടായി പരിണമിക്കുന്നതെങ്ങനെ?”യെന്ന ചോദ്യത്തിന് “നമുക്കറിയില്ല” എന്ന് പരിണാമവാദിയായ അറ്റന്‍ബറോയും മറുപടി നല്‍കുന്നു. ഇവിടെ ഉത്തരം മുട്ടുന്ന നിരീശ്വരവാദി സൃഷ്ടിവാദികളുടെ മേല്‍ കുതിരകയറിയതുകൊണ്ട് കാര്യമെന്ത്? ഞങ്ങള്‍ക്ക് ഭൌതികവാദപരമായ വിശദീകരണം നല്‍കാനാകാത്തതുകൊണ്ട് മറ്റൊരു വിശദീകരണവും സ്വീകാര്യമല്ല എന്ന അന്ധവിശ്വാസപരമായ നിലപാടാണ് ഗ്രന്ഥകാരന്‍ ഇവിടെ സ്വീകരിക്കുന്നത്.
ഇതിനെ ദൈവത്തിന്റെ ദൃഷ്ടാന്തമായി കാണുന്ന തത്വ ചിന്തകരെയും ശാസ്ത്രജ്ഞരെയും പഴിപറയാന്‍ ഗ്രന്ഥകാരനു മടിയില്ല. അവര്‍ ദന്തഗോപുരവാസികളും തെളിവു സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടി ശീലമില്ലാത്തവരുമാണെത്രേ!
പരിണാമവാദിയായ അറ്റന്‍ബറോ “നമുക്കറിയില്ല” എന്നു വ്യക്തമാക്കിയത് ഉത്തരം പറയാന്‍ ബുദ്ധിമുട്ടി ശീലമില്ലാത്തതുകൊണ്ടാണെന്ന് ഗ്രന്ഥകാരന്‍ പറയുമോ? ദന്തഗോപുരങ്ങളില്‍ നിന്നിറങ്ങി പരിണാമസിദ്ധാന്തത്തിനു വേണ്ടി തെളിവു സംഘടിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടും ഒന്നും ലഭിക്കാതെ വന്നതുകൊണ്ടാണ് ഫ്രഡ് ഹോയില്‍ ,  ചന്ദ്ര വിക്രമ സിംഹെ പ്പോലുള്ള ശാസ്ത്രജ്ഞരും ആന്റണി ഫ്ള്യൂവിനെ പോലുള്ള തത്വചിന്തകരും ആസൂത്രണവാദം അംഗീകരിക്കാന്‍  മുന്നോട്ടുവന്നത്.
‘ദന്തഗോപുരവാസികള്‍’ എന്ന ആക്ഷേപ പ്രയോഗം വിശ്വാസികളേക്കാള്‍ ചേരുന്നത് നിരീശ്വരവാദികള്‍ക്കാണ്. ആധുനിക കാലത്ത് ശാസ്ത്രജ്ഞര്‍ എന്നത് സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാതെയും താല്‍പ്പര്യം കാണിക്കാതെയും കമ്പനികളെയും ഗവണ്‍മെന്റുകളെയും സേവിക്കുന്ന അഭിജാത വിഭാഗക്കാരാണ്.
ഗ്രന്ഥകാരന്റെ ഈ വാക്യം നോക്കൂ: “അമേരിക്കയില്‍പോലും അതിപ്രഗല്‍ഭരായ ശാസ്ത്രജ്ഞരില്‍ തൊണൂറ് ശതമാനത്തിലധികം അവിശ്വസികളാണെന്നാണ് ഈ കണക്ക് സാക്ഷ്യപ്പെടുത്തുന്നത്.”(306) എന്നാല്‍ ദന്തഗോപുരവാസികളല്ലാത്ത സാധാരണ ജനത്തിന്റെ വിശ്വാസമെന്താണെന്ന് ഗ്രന്ഥകാരന്റെ തൊട്ടടുത്ത വാക്യത്തില്‍ കാണാം: “അമേരിക്കയില്‍ 80 ശതമാനത്തിലധികം പേരും ഏതെങ്കിലും വ്യക്തിദൈവത്തില്‍ വിശ്വസിക്കുന്നവരാണെന്ന”ത്രേ. അതായത് ദന്തഗോപുരവാസികളായ ശാസ്ത്രജ്ഞരാണ് അവിശ്വാസികള്‍! സാധാരണ ജീവിതം നയിക്കുന്ന സാമാന്യ ജനങ്ങളാണ് വിശ്വാസികള് ‍!!
പ്രകൃതിനിര്‍ധാരണവും ആസൂത്രണവും
സ്പോഞ്ചിന്റെ സിലിക്കാ ഡിസ്ക്കുകള്‍ എങ്ങനെ പരിണമിച്ചുണ്ടായി എന്നു വിശദീകരിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ദന്തഗോപുരവാസികളാണെന്ന അര്‍ഥശൂന്യമായ ആരോപണവുമായി ഗ്രന്ഥകാരന്‍ തലയൂരിയത്. തുടര്‍ന്നദ്ദേഹം പ്രശ്നം  വ്യാഖ്യാനിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു നോക്കൂ: “യാദൃച്ഛികത മാത്രമല്ല ഏകകാരണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. Euplectella യുടെ നട്ടെല്ലുസംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ജീവശാസ്ത്രത്തിന് ബാധ്യതയുണ്ട്. ഒന്നുകില്‍ ആസൂത്രണം അല്ലെങ്കില്‍ യാദൃച്ഛികത (Either Design or Chance) എന്ന രീതിയില്‍ കാര്യങ്ങള്‍ പരിമിതപ്പെടുത്തുമ്പോഴാണ് പാളിച്ചയുണ്ടാകുന്നത്. ഒന്നുകില്‍ ആസൂത്രണം അല്ലെങ്കില്‍ പ്രകൃതിനിര്‍ധാരണം (Either Design or Natural Selection) എന്ന് ഈ സമവാക്യം പുനരവലോകനം ചെയ്തു നോക്കൂ:”(307)
നോക്കാം. യാദൃച്ഛികത എന്നതിനു പകരം പ്രകൃതി നിര്‍ധാരണം എന്ന ഒരു പുതിയ വാക്കു ചേര്‍ത്തതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെട്ടു എന്നാകാം ഡോക്കിന്‍സിന്റെ ധാരണ! പ്രകൃതിനിര്‍ധാരണം യാദൃച്ഛികമായ പ്രവര്‍ത്തനമാണെന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഡോക്കിന്‍സിന്റേത് ബുദ്ധിപരമായ തട്ടിപ്പായി മാറുന്നു. യാദൃച്ഛികതക്ക് പകരം പ്രകൃതിനിര്‍ധാരണമാണെന്നു പ്രഖ്യാപിച്ചതുകൊണ്ടു ഫലമില്ല. പ്രകൃതിനിര്‍ധാരണത്തിലൂടെ സ്പോഞ്ചുകളുടെ സിലിക്ക ഡിസ്ക്കുകള്‍ എങ്ങനെയുണ്ടായി എന്നു വിശദീകരിക്കാന്‍ സാധിക്കണം. അതിനുള്ള സത്യസന്ധമായ ശ്രമമൊന്നും നടത്താതെ ഒഴിഞ്ഞുമാറുകയാണ് ഡോക്കിന്‍സ് ചെയ്യുന്നത്. ഒഴികഴിവായി ഗ്രന്ഥകാരന്‍ കുറിക്കുന്നു: “യാദൃച്ഛികത എന്നത് ഒന്നിന്റേയും തൃപ്തികരമായ വിശദീകരണമല്ല.”
ജീനുകളിലെ വ്യതിയാനങ്ങള്‍ ജീവികളില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നു. ഈ സ്വാഭാവിക വ്യതിയാനങ്ങള്‍ തികച്ചും യാദൃശ്ചികങ്ങളാണ്. അസ്വാഭാവിക വ്യതിയാനങ്ങളായ മ്യൂട്ടേഷനുകളും യാദൃച്ഛിക സംഭവങ്ങളാണ്. ഈ രണ്ടുതരം വ്യതിയാനങ്ങളെയാണ് പ്രകൃതി തിരഞ്ഞെടുക്കുന്നത്. പ്രകൃതി നിര്‍ധാരണത്തിനും ലക്ഷ്യമോ പദ്ധതിയോ ആസൂത്രണമോ ഇല്ല. കണ്ണില്ലാത്ത ജീവിയില്‍ കണ്ണുണ്ടായാല്‍ അതിജീവിക്കപ്പെട്ടേക്കാമെന്നല്ലാതെ കണ്ണുള്ളതുകൊണ്ട് കണ്ണില്ലാത്തവയെ അപേക്ഷിച്ച് അതിജീവിക്കപ്പെടും എന്ന പരിണാമ നിയമമമോ  പ്രകൃതിനിയമമോ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ കണ്ണോ അതുപോലുള്ള അവയവങ്ങളോ ഒന്നും തന്നെയില്ലാത്ത വൈറസുകളും ഏകകോശ ജീവികളും അതിജീവിക്കപ്പെടുമായിരുന്നില്ലല്ലോ. ചുരുക്കത്തില്‍ പ്രകൃതിനിര്‍ധാരണവും ശുദ്ധമായ യാദൃശ്ചികാതാവാദമാണ്: പ്രച്ഛന്ന യാദൃശ്ചികതയാണെന്നുമാത്രം.  “യാദൃച്ഛികത അല്ലെങ്കില്‍ ചാന്‍സ് ഒന്നിന്റേയും തൃപ്തികരമായ വിശദീകരണമല്ല’” എന്നു സമ്മതിക്കുന്ന ഗ്രന്ഥകാരന്‍ ഫലത്തില്‍ പ്രകൃതിനിര്‍ധാരണം ഒന്നിനെയും വിശദീകരിക്കാന്‍ പര്യാപ്തമല്ല എന്ന് പരോക്ഷമായി സമ്മതിക്കുകയാണ്.
അദ്ദേഹം തുടരുന്നു: “ജീവന്റെ ഉത്ഭവവും വികാസവും സംബന്ധിച്ചി ഒരു സിദ്ധാന്തം സ്വീകാര്യമാകണമെങ്കില്‍ അതിന് യാദൃശ്ചികതയെ (Chance) മാറ്റി നിര്‍ത്തി കാര്യങ്ങള്‍ വിശദീകരിക്കാനാകണം.”
യാദൃച്ഛികമായ ജനിതക വ്യതിയാനങ്ങളെ മാറ്റിനിറുത്തിയാല്‍ പ്രകൃതിനിര്‍ധാരണ സിദ്ധാന്തത്തില്‍ എന്താണവശേഷിക്കുന്നത്? ഇവയെ ഒഴിവാക്കിയാല്‍ പിന്നെ പരിണാമ സിദ്ധാന്തമുണ്ടാകുമോ? ചുരുക്കത്തില്‍ ഗ്രന്ഥകാരന്‍ തന്നെ പരിണാസിദ്ധാന്തത്തെ താനറിയാതെ കടപുഴക്കുകയാണ്!
തുടര്‍ന്ന് എഴുതുന്നത് ഇങ്ങനെ: “ഡാര്‍വിന് അത് കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.” യാദൃച്ഛിക വ്യതിയാനങ്ങള്‍ ഒഴിവാക്കിയിരുന്നുവെങ്കില്‍ ഡാര്‍വിന് പ്രകൃതിനിര്‍ധാരണ സിദ്ധാന്തം രൂപവത്കരിക്കാനേ സാധിക്കുമായിരുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ഡാര്‍വിന്‍ പ്രശ്നം പരിഹരിച്ചുവെന്നത് ഒരാധുനിക അന്ധവിശ്വാസം മാത്രമാണ്.(308) സ്പോഞ്ചുകളുടെ സിലിക്കാ ഡിസ്ക്ക് പരിണാമത്തിലൂടെ ഉണ്ടാകുമെന്ന് ഡാര്‍വിന്‍ തെളിയിച്ചിട്ടുണ്ടെങ്കില്‍ അറ്റന്‍ബറോ ഇങ്ങനെ എഴുതുമായിരുന്നോ?- “How could quasi-independent microscopic cells collaborate to secrete a million glassy splinters and construct such an intricate and beatiful lattice? We do not know”.
സ്പോഞ്ചുകളുടെ സിലിക്കാ ഡിസ്ക്ക് പ്രകൃതി നിര്‍ധാരണത്തിലൂടെ ഉണ്ടാകുമെന്ന് ഒന്നരനൂറ്റാണ്ടു മുന്‍പ് ഡാര്‍വിന്‍ തെളിയിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പ്രകൃതി നിരീക്ഷകരിലൊലാളായ അറ്റന്‍ബറോ, എങ്ങനെയുണ്ടായെന്ന് “നമുക്കറിയില്ല” എന്ന് എഴുതുമോ? ഇത്തരം നൂറു നൂറു പ്രശ്നങ്ങള്‍ ഡാര്‍വിന്‍ പരിഹരിച്ചിട്ടില്ലെന്നു മാത്രമല്ല ഇന്നത്തെ ശാസ്ത്രജ്ഞര്‍ക്കും പരിഹരിക്കാനായിട്ടില്ല. പക്ഷേ, ഇതൊക്കെ ഡാര്‍വിന്‍ പരിഹരിച്ചു എന്ന ആധുനിക അന്ധവിശ്വാസത്തിലാണ് ഡോക്കിന്‍സും സംഘവും രക്ഷതേടുന്നത്! സൃഷ്ടിവാദക്കാരുടെ വാദത്തെ ഗ്രന്ഥകാരന്‍ ഖണ്ഡിച്ചിട്ടേയില്ല. സ്പോഞ്ചിന്റെ സിലിക്കാ ഡിസ്ക്കുകള്‍ രൂപവത്കൃതമായതെങ്ങനെ എന്ന ചോദ്യത്തിന് “അതൊക്കെ പണ്ടേ ഡാര്‍വിന്‍ കണ്ടെത്തിയതാണ്’‘ എന്ന് എഴുതിയാല്‍ മറുപടിയാവുമോ?
പ്രമുഖനായൊരു പ്രകൃതിനിരീക്ഷകനാണെങ്കിലും അറ്റന്‍ബറോയും പരിണാമത്തില്‍ വിശ്വസിക്കുന്നു. സ്വാഭാവികമായും സൃഷ്ടിവാദം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭയമുണ്ടാക്കുന്നതുതന്നെയാണ്. പരിണാമവാദികളാണെങ്കിലും അന്ധവിശ്വാസ മനസ്ഥിതിക്കാരല്ലാത്തവര്‍ക്ക് സൃഷ്ടിവാദം, ഏറിയാല്‍ അബദ്ധസിദ്ധാന്തമായേ തോന്നൂ. അതുകൊണ്ടാണ് ഗ്രന്ഥകാരന് അറ്റന്‍ബറോയെപ്പറ്റി ഇങ്ങനെ എഴുതേണ്ടിവന്നത്: “2009 മാര്‍ച്ചില്‍ ജൊനാഥന്‍ റോസ്സുമായുള്ള ഒരു ബി.ബി.സി. അഭിമുഖത്തില്‍ സൃഷ്ടിവാദത്തെ ‘ശരിക്കും ഭയാനകം’ (‘really terrible’) എന്നാണ് ഡാര്‍വിനിസ്റും അജ്ഞേയവാദിയുമായ അറ്റന്‍ബറോ വിശേഷിപ്പിച്ചതെന്നും ഇവിടെ മറക്കാതിരിക്കാം.”(309)
അറ്റന്‍ബറോയുടെ വാക്കുകള്‍ സൃഷ്ടിവാദികള്‍ ഉപയോഗപ്പെടുത്തിയതുകൊണ്ടാണല്ലോ ഗ്രന്ഥകാരന്‍ സൃഷ്ടി വാദത്തെപ്പറ്റി അറ്റന്‍ബറോ പറഞ്ഞതു മറക്കരുതെന്ന് ഉല്‍ബോധിപ്പിച്ചത്. അറ്റന്‍ബറോ അജ്ഞേയവാദിയാണെന്നിരിക്കെ ഗ്രന്ഥകാരന്‍ അജ്ഞേയവാദിയെപ്പറ്റി എഴുതിയ ഈ വരികളും കൂട്ടത്തില്‍ ഓര്‍ക്കുന്നത് നന്ന്: “…അവിടെയും ഇവിടെയും തൊടാതെ നിന്ന് നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന കയ്യാലപ്പുറത്തെ തേങ്ങകളായ അജ്ഞയവാദികളെ ഒരു തരത്തിലും സഹിക്കാനാവില്ല! ഭീരുത്വവും കാര്യങ്ങള്‍ തുറന്നുപറയാനുള്ള തന്റേടമില്ലായ്മയുമാണ് ഒരാളെ അജ്ഞേയവാദിയാക്കുന്നതെന്ന നിരീക്ഷണവുമുണ്ട്.” ഏതായാലും അറ്റന്‍ബറോ സൃഷ്ടിവാദികളെ “കയ്യാലപ്പുറത്തെ തേങ്ങകള്‍” എന്നൊന്നും വിശേഷിപ്പിച്ചില്ലല്ലോ!
സൃഷ്ടിവാദത്തിന് കൂടുതല്‍ തെളിവായി വാച്ച്ടവര്‍ ബൈബിളില്‍ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്”എന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു (വാച്ച് ടവര്‍ ബൈബിളിലല്ല, വാച്ച് ടവര്‍ ബൈബിള്‍ ആന്റ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍). ഉദാഹരണങ്ങള്‍ എത്രയുണ്ടായിട്ടെന്താ? ഒരുദാഹരണത്തിനെങ്കിലും പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാന്‍ ഡോക്കിന്‍സിനു സാധിച്ചിട്ടുണ്ടോ? മറ്റേതെങ്കിലും പരിണാമവിദഗ്ധര്‍ക്ക് സാധിച്ചിട്ടുണ്ടോ? ഇല്ല തന്നെ.

Advertisements

Comments are closed.

%d bloggers like this: